സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാൻ സര്‍ക്കാര്‍ നടപടി തുടങ്ങി

സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം

0

കൊച്ചി: സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാൻ സര്‍ക്കാര്‍ നടപടി തുടങ്ങി. ഫ്ലാറ്റിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ, ജില്ലാ കളക്ടർക്കും മരട് നഗരസഭയ്ക്കും കത്ത് നൽകി. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. ഇക്കാര്യത്തിൽ മരട് നഗരസഭയ്ക്ക് എല്ലാ സഹായവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

തീരദേശ പരിപാലന നിയമം ലംഘിച്ച് കാലയോരത്ത് നിർമ്മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം 20നകം പൊളിച്ചുമാറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി സർക്കാരിന് നൽകിയ അന്ത്യശാസനം. അഞ്ച് കെട്ടിടങ്ങളിലായി 500 ലേറെ ഫ്ലാറ്റുകളുണ്ട്. ഇതില്‍ 350 ഫ്ലാറ്റുകളിലാണ് താമസക്കാരുള്ളത്. 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചിരുന്നു. 20നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നയിപ്പും സുപ്രീംകോടതി നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫ്ലാറ്റിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്തുനല്‍കിയത്

You might also like

-