മരടിൽ നാളെ നിരോധനാജ്ഞ
കരയിലും കായലിലും വായുവിലും പൊലീസ് നിരീക്ഷണമുണ്ടാകും ഫ്ളാറ്റുകളുടെ 200മീറ്റർ ചുറ്റളവിൽ ഡ്രോണും ബോട്ടുകളും അനുവദിക്കില്ല.
കൊച്ചി :മരടിൽ ഫ്ലാറ്റ് പൊളിക്കുന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞ നാളെ രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാക്കറെ. കരയിലും കായലിലും വായുവിലും പൊലീസ് നിരീക്ഷണമുണ്ടാകും ഫ്ളാറ്റുകളുടെ 200മീറ്റർ ചുറ്റളവിൽ ഡ്രോണും ബോട്ടുകളും അനുവദിക്കില്ല. സുരക്ഷാക്രമീകരണങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും വിജയ് സാക്കറെ പറഞ്ഞു. ദേശീയപാതയിൽ സ്ഫോടനത്തിന് അഞ്ചുമിനിറ്റ് മുൻപ് ഗതാഗതം തടയുമെന്നും അവലോകന യോഗത്തിനുശേഷം കമ്മിഷണര്‍ പറഞ്ഞു
സുരക്ഷാ പരിശോധനകൾ കഴിഞ്ഞ മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിന് തയ്യാറായി. സുപ്രീം കോടതി നിർദേശ പ്രകാരം പൊളിച്ചു മാറ്റുന്ന ഫ്ലാറ്റുകളിൽ മൂന്ന് കെട്ടിടങ്ങളിലാണ് നാളെ നിയന്ത്രിത സ്ഫോടനം നടക്കുക.രാവിലെ 11നു കുണ്ടന്നൂർ എച്ച്2 ഒ ഹോളിഫെയ്ത്തിലും 05 മിനിറ്റിനു ശേഷം നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം നടക്കും. ഹോളി ഫെയ്ത്തിലെ സ്ഫോടനത്തിന് ശേഷം പൊടിപടലങ്ങൾ അടങ്ങാൻ താമസമെടുത്താൽ 11. 05 എന്ന സമയത്തിൽ മിനിറ്റുകളുടെ വ്യത്യാസം ഉണ്ടായേക്കാം. സ്ഫോടക വസ്തുക്കൾ നിറക്കുന്ന ജോലിയും സുരക്ഷ പരിശോധനയും പൂർത്തിയായി. ബ്ലാസ്റ്റിങ് ഷെഡിലേക്കുള്ള കണക്ഷൻ ലൈനുകളുടെ ജോലികൾ മാത്രമാണ് പൂർത്തിയാകാനുള്ളത്. സുരക്ഷ കണക്കിലെടുത്ത് അവസാന സമയമായിരിക്കും ഇത് ഒരുക്കുക.