പീഡനാരോപണം : ബിഷപ്പിന്റെ മൊബൈല്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം
പാലാ മജിസ്ട്രേറ്റ് കോടതിയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്
പാലാ: ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ്പിന്റെ മൊബൈല്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. 18 ന് മുമ്പേ ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ കമ്പനികള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ അന്വേഷണ സംഘം ബിഷപ്പിന്റെ 2014 മുതല്‍ 2016 വരെയുള്ള മൊബൈല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇരുകമ്പനികളെയും സമീപിച്ചിരുന്നു. പക്ഷേ കമ്പനികള്‍ ഇവ നല്‍കാന്‍ സാധിക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. വേണമെങ്കില്‍ 2016-ന് ശേഷമുള്ള മൊബൈല്‍ രേഖകള്‍ ഹാജരാക്കാമെന്നും കമ്പനികള്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് കരസ്ഥമാക്കിയതും.കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ 2014 മുതല്‍ 2016 വരെയുള്ള സമയത്ത് തന്നെ ബിഷപ്പ് മൊബൈല്‍ ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിച്ചതായി പറയുന്നുണ്ട്. ഇതു പരിശോധിക്കുന്നതിനാണ് മൊബൈല്‍ രേഖകള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഒരു വിഭാഗം വൈദികര്‍ രംഗത്ത് വന്നിരുന്നു. അന്വേഷണം അവസാനിക്കും വരെ ബിഷപ്പ് പദവിയില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് വൈദികരുടെ ആവശ്യം. ബിഷപ്പ് പങ്കെടുത്ത ഒരു യോഗത്തിലാണ് വൈദികര്‍ ഈ ആവശ്യം ഉന്നയിച്ചത്. ബിഷപ്പിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ്പിന് കത്തു നല്‍കി. എന്നാല്‍ രാജിവയ്ക്കില്ലെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.