ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി ,മാർ ആഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ
മാറാൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററാകും. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിക്കത്ത് വത്തിക്കാന്‍ നേരത്തെ എഴുതി വാങ്ങിയിരുന്നു
കൊച്ചി | എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി. എറണാകുളം അങ്കമാലി അതിരൂപതയില്‍ വിമത നീക്കത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് നടപടി. മാർ ആഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററാകും. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിക്കത്ത് വത്തിക്കാന്‍ നേരത്തെ എഴുതി വാങ്ങിയിരുന്നു.ഇതുസംബന്ധിച്ച പ്രഖ്യാപനം ജൂലൈ 30 ശനിയാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30ന് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിലും എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു. അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ നിന്ന് അപ്പസ്‌തോലിക് ന്യൂണ്‍ഷോ ആര്‍ച്ചു ബിഷപ്പ് ലെയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയിരുന്നു. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനത്തു തുടര്‍ന്നുകൊണ്ടായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയില്‍ അപ്പസ്‌തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിര്‍വ്വഹിക്കുന്നത്.
പൗരസ്ത്യ സഭാനിയമത്തിലെ 234ാം നമ്പര്‍ കാനന്‍ അനുസരിച്ചാണ് സേദെ പ്ലേന (sede plena) അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രി നല്‍കിയിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ചുബിഷപ്പായി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരുമ്പോള്‍ത്തന്നെ മാര്‍പാപ്പ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ലാറ്റിന്‍ പദമാണ് സേദെ പ്ലേന എന്നത്. അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ അഡ്മിനിസ്‌ട്രേറ്ററുടെ അധികാരാവകാശങ്ങള്‍ നിയമനപത്രത്തില്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പ് ഇപ്രകാരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് 2018ല്‍ നിയമിതനായിരുന്നു.
1951 ഡിസംബര്‍ 13ന് ജനിച്ച ആര്‍ച്ചുബിഷപ്പ് ആഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാര്‍ താഴത്ത് 2007 മാര്‍ച്ച് 18ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു. പെര്‍മനന്റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെസിബിസി ജാഗ്രതാ കമ്മീഷന്‍ അംഗം, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എറണാകുളംഅങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം റോമിലേക്ക് വിളിപ്പിച്ച മെത്രാന്മാരില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും ഉള്‍പ്പെട്ടിരുന്നു.
സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്ന ആരോപണമാണ് ബിഷപ്പ് ആന്‍റണി കരിയിലിനെതിരെ ഉയര്‍ന്നത്. കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ്, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദ്ദിനാൾ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു. കർദ്ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാന് അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ നടപടികൾ. ഭൂമി വിൽപ്പനയിലും കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ തഴഞ്ഞിരുന്നു.
കുർബാന ഏകീകരണത്തിൽ ബിഷപ്പിന്റെ നടപടി വത്തിക്കാൻ നേരത്തെ തള്ളിയതാണ്. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതർക്ക് ശക്തി പകരുന്നതെന്ന് കർദ്ദിനാളിനെ പിന്തുണയ്ക്കുന്നവർ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് അതിരൂപത മെത്രാപ്പൊലീത്തന്‍ സ്ഥാനത്ത് നിന്ന് മാറ്റി.ചേർത്തല സ്വദേശിയായ ബിഷപ്പ് ആന്റണി കരിയിൽ സിഎംഐ സന്യാസ സമൂഹത്തിൽ നിന്നുള്ള ബിഷപ്പാണ്. കളമശ്ശേരി രാജഗിരി കോളേജ് പ്രിൻസിപ്പൽ, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ൽ ആണ് ചുമതലയേറ്റത്.