അഗളി മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേര്
അഗളി മേഖലയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ഭവാനിദളം പ്രവർത്തകരെന്നാണ് സൂചന. ഇന്‍ക്വസ്റ്റ് നടപടികള്‍ നാളെ രാവിലെ ഒറ്റപ്പാലം സബ് കളക്ടറുടെ നേതൃത്വത്തില്‍ നടക്കും
പാലക്കാട്: അഗളി മേഖലയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ഭവാനിദളം പ്രവർത്തകരെന്നാണ് സൂചന. ഇന്‍ക്വസ്റ്റ് നടപടികള്‍ നാളെ രാവിലെ ഒറ്റപ്പാലം സബ് കളക്ടറുടെ നേതൃത്വത്തില്‍ നടക്കും. സംഭവ സ്ഥലത്തുനിന്ന് തോക്കുകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. വനത്തിനുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു
മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനിദളത്തിൽ ഉൾപ്പെട്ട മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് തിരിച്ചടിക്കുകയായിരുന്നു. തണ്ടര്‍ ബോള്‍ട്ട് സംഘങ്ങളില്‍ ആര്‍ക്കും പരിക്കില്ല.
വെടിവെപ്പ് നടന്നപ്പോള്‍ മാവോയിസ്റ്റുകള്‍ ചിതറിയോടിയെന്നും ഏതുസമയത്തും പ്രത്യാക്രമണത്തിന് സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തഹസില്‍ദാര്‍ ഉള്‍പ്പടെയുളള റവന്യൂ ഉദ്യോഗസ്ഥര്‍ മഞ്ചിക്കണ്ടിയിലേക്ക് തിരിച്ചു. തണ്ടര്‍ബോള്‍ട്ട് അസിസ്റ്റന്‍റ് കമാന്‍റന്‍റ് സോളമന്‍റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. മഞ്ചിക്കണ്ടി മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ ത്തുടര്‍ന്ന് നിലമ്പൂരില്‍ നിന്നാണ് തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചിലിനെത്തിയത്.
ഭവാനിദളം, നാടുകാണിദളം, കബനിദളം എന്നിങ്ങനെ മൂന്നുദളങ്ങളായാണ് മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. നാലാമതായി ശിരുവാണിദളം കൂടി രൂപവത്കരിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. ഈയടുത്ത് തണ്ടര്‍ ബോള്‍ട്ടുമായി മാവോവാദികള്‍ നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. കരുളായി, വയനാട് ലക്കിടി ഉപവന്‍ റിസോര്‍ട്ടിനു സമീപത്തുണ്ടായ ഏറ്റുമുട്ടല്‍ എന്നിവയാണ് ആദ്യത്തേത്. കരുളായിയില്‍ രണ്ട് മാവോവാദികളും വയനാട്ടില്‍ ഒരു മാവോവാദിയും കൊല്ലപ്പെട്ടിരുന്നു.