ജനങ്ങൾക്കു തുക പണമായിനേരിട്ടു നൽകണം , സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിർദേശങ്ങളുമായി മൻമോഹൻ സിംഗ്
ജനങ്ങൾക്കു നല്ലൊരു തുക നേരിട്ടു പണമായി നൽകി അവരുടെ ഉപജീവനമാർഗങ്ങൾ സംരക്ഷിക്കുകയും അതുവഴി പണം ചെലവഴിക്കാനും കഴിയുന്ന സ്ഥിതി കേന്ദ്രം ഉറപ്പാക്കണം
ഡൽഹി: സാന്പത്തിക തകർച്ചയും കോവിഡും മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനു മൂന്നു സുപ്രധാന നിർദേശങ്ങളുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ആദ്യം, ജനങ്ങൾക്കു നല്ലൊരു തുക നേരിട്ടു പണമായി നൽകി അവരുടെ ഉപജീവനമാർഗങ്ങൾ സംരക്ഷിക്കുകയും അതുവഴി പണം ചെലവഴിക്കാനും കഴിയുന്ന സ്ഥിതി കേന്ദ്രം ഉറപ്പാക്കണം.
രണ്ടാമതായി, സർക്കാർ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതികൾ വഴി ബിസിനസുകൾക്കു മതിയായ മൂലധനം ലഭ്യമാക്കണം. മൂന്നാമത്, സ്ഥാപനങ്ങളുടെ സ്വയംഭരണം അടക്കമുള്ള പ്രക്രിയകളിലൂടെ സാന്പത്തിക മേഖലയെ ശക്തിപ്പെടുത്തണമെന്നും മൻമോഹൻ സിംഗ് നിർദേശം നൽകി.കോവിഡ് മഹാമാരിക്കു മുൻപുതന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലായിരുന്നു. മാന്ദ്യം മാനുഷിക പ്രതിസന്ധി മൂലമാണെന്നും കേവലം സംഖ്യകളേക്കാളും സാമൂഹികമായ വികാരങ്ങളുടെ കണ്ണാടിയിൽ കൂടി ഇതിനേ കാണേണ്ടതുണ്ടെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു.
സൈനിക, ആരോഗ്യ, സാന്പത്തിക വെല്ലുവിളികൾ നേരിടാൻ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 10 ശതമാനം അധികമായി ചെലവഴിക്കേണ്ടി വന്നാലും അതു ചെയ്യേണ്ടതുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. ഇതിനായി വൻതുക വായ്പയെടുക്കേണ്ടത് അനിവാര്യമാണ്. കോവിഡ് മഹാമാരി മൂലം ആഗോള സന്പദ്വ്യവസ്ഥയിലുണ്ടായ ക്ഷീണം ഇന്ത്യയെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.