മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം പൂര്‍ണ ദേശീയ ബഹുമതികളോടെ നാളെ

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ഡൽഹി ജൻപതിലെ വസതിയിൽ എത്തിച്ചു

ഡൽഹി | മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ഡൽഹി ജൻപതിലെ വസതിയിൽ എത്തിച്ചു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൻമോഹൻ ആദരാഞ്ജലികള്‍ നേര്‍ന്നു. പൂര്‍ണ ദേശീയ ബഹുമതികളോടെ നാളെ രാവിലെ 11നായിരിക്കും സംസ്കാരം നടക്കുക. മൻമോഹൻ സിങിന്‍റെ മൃതദേഹം നാളെ രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്ത് എത്തിക്കും. തുടര്‍ന്ന് ഇവിടെ പൊതുദര്‍ശനം നടക്കും. ഇതിനുശേഷം 9.30ഓടെ സംസ്കാര സ്ഥലത്തേക്ക് വിലാപ യാത്രയായി കൊണ്ടുപോകും. തുടര്‍ന്നായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക.

ഇടമുറിയാതെ ജന്‍പഥിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമെത്തിയത്. പുഷ്ടപചക്രം സമര്‍പ്പിച്ച് മോദി ആദരം അറിയിച്ചു. മോദിക്ക് പിന്നാലെ അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും മന്‍മോഹന്‍ സിങ്ങി ന് ആദരം നല്‍കി. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മുന്‍ പ്രധാനമന്ത്രിക്ക് ആദരം നല്‍കി. ഭാവി തലമുറകള്‍ക്ക് മന്‍മോഹന്‍ സിങ് പ്രചോദനമാണെന്നും, വേര്‍പാട് അതീവ ദുഖകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

യുപിഎ കാലത്തെയും, പാര്‍ട്ടിയില്‍ ഒപ്പം പ്രവര്‍ത്തിച്ച നാളുകളുടെയും ഓര്‍മ്മയില്‍ സോണിയ ഗാന്ധി മന്‍മോഹന്‍ സിങ്ങിനെ കാണാനെത്തി. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ആദരമര്‍പ്പിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, പ്രകാശ് കാരാട്ട്, എം കെ രാഘവന്‍ എംപി തുടങ്ങിയവരും വസതിയിലെത്തി. സ്മാരകത്തിനുള്ള സ്ഥലം ഉടൻ അനുവദിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥലം നല്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും നാളെത്തേക്ക് കിട്ടുമോയെന്ന് വ്യക്തതയില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 2025 ജനുവരി മൂന്നിന് ആയിരിക്കും പുനരാരംഭിക്കുക.

സൈന്യമെത്തി മുന്‍ പ്രധാനമന്ത്രിയുടെ മൃതദേഹത്തെ ദേശീയ പതാക പുതപ്പിച്ചു. മന്‍മോഹന്‍സിങിന്‍റെ മകള്‍ അമേരിക്കയില്‍ നിന്നും രാത്രിയോടെ എത്തുമെന്നാണ് വിവരം. രാജ്ഘട്ടിന് സമീപം മുന്‍ പ്രധാനമന്ത്രിമാരുടെ അന്ത്യ വിശ്രമ സ്ഥലങ്ങള്‍ക്ക് സമീപം സംസ്കാരിക്കാനാണ് ആലോചന. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രി 9. 51 ഓടെയാണ് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ മന്‍മോഹന്‍ സിങ് അന്തരിച്ചത്. ഇന്നലെ കർണാടകയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അവശതകള്‍ക്കിടെയിലും ഓണ്‍ലൈനായി പങ്കെടുക്കാന്‍ അദ്ദേഹം താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍, ക്ഷീണം കാരണം ശ്രമം ഉപേക്ഷിച്ചു. മന്‍മോഹന്‍സിങിന്‍റെ നിര്യാണത്തില്‍ രാജ്യം ഒരാഴ്ചത്തെ ദു:ഖാചരണത്തിലാണ്.

You might also like

-