മണിയാർഡാമിന് സുരക്ഷാഭീഷണി ; ഷട്ടറിനു താഴ പാകിയ കരിങ്കല്ലുകൾ അടര്‍ന്നു വീണു
നാല് ഷട്ടറുകള്‍ തുറന്നെങ്കിലും വലതുഭാഗത്തെ രണ്ടാം നമ്പര്‍ ഷട്ടര്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.
പത്തനംതിട്ട :പമ്പ മണിയാര്‍ ഡാമിന് കാലവര്‍ഷത്തെ വെള്ളപ്പാച്ചിലില്‍ തകരാര്‍. അണക്കെട്ടിന്റെ രണ്ടാം ഷട്ടിറിനു താഴെ കോണ്‍ക്രീറ്റ് ഇളകി മാറിയതാണ് ആശങ്ക ജനിപ്പിക്കുന്നത്. കഴിഞ്ഞ മാസം 15 ന് അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴികിയിരുന്നു. നാല് ഷട്ടറുകള്‍ തുറന്നാണ് ജലനിരപ്പ് നിയന്ത്രിച്ചത്.
നാല് ഷട്ടറുകള്‍ തുറന്നെങ്കിലും വലതുഭാഗത്തെ രണ്ടാം നമ്പര്‍ ഷട്ടര്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളം ഷട്ടറിനു മുകളിലൂടെ കുത്തിയൊഴുകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് ഷട്ടറിനു താഴെ കോണ്‍ക്രീറ്റ് അടന്നു പോകാന്‍ കാരണമായത്. ഇതിനോട് ചേര്‍ന്ന് ഒന്നാം നമ്പര്‍ ഷര്‍ട്ടറിനു താഴെയും ഇത്തരത്തില്‍ കോണ്‍ക്രീറ്റ് ഇളകിയിട്ടുണ്ട്.
സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് മണിയാറിലേത്. 1995 മുതലാണ് വൈദ്യുതോല്‍പാദനം തുടങ്ങിയത്. 31.5 മീറ്ററാണ് ഡാമിന്റെ ജലസംഭരണ ശേഷി. രണ്ടു കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് ഡാമിന്റെ വൃഷ്ടി പ്രദേശം. ഡാമില്‍ ഇപ്പോളും നല്ല ജലനിരപ്പാണ്. നാലു ഷട്ടറുകള്‍ തുറന്നും വെള്ളം പുറത്തോട്ട് ഒഴുക്കുന്നുണ്ടെങ്കിലും ഡാമിനേറ്റ തകരാര്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. അണക്കെട്ട് ഈ തുലാവര്‍ഷത്തെ അതിജീവിക്കുമോ എന്നാണ് ഉയരുന്ന ആശങ്ക.