പാലാ ഉപതെരഞ്ഞെടുപ്പിൽഎം മാണി സി കാപ്പൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
പാലായിൽ മാണി സി കാപ്പൻ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് ഇടത് സ്ഥാനാർത്ഥിയുടെ കണക്കുകൂട്ടൽ.
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ പത്തരയോടെ പ്രവിത്താനത്ത് ളാലം ബ്ലോക്ക് ഓഫീസിൽ എത്തിയാകും പത്രിക നൽകുക.സി പി എം ജില്ല സെക്രെട്ടറി വി എൻ വാസവൻ അടക്കമുള്ള ജില്ലയിലെ എൽഡിഎഫ് നേതാക്കൾ പത്രിക സമർപ്പിക്കാൻ എത്തും. വരുന്ന ബുധനാഴ്ച്ച പാലായിൽ നടക്കുന്ന എൽഡിഎഫ് മണ്ഡലം കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മാണി സി കാപ്പൻ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് ഇടത് സ്ഥാനാർത്ഥിയുടെ കണക്കുകൂട്ടൽ. വിശ്വാസികളുടെ വോട്ട് ഇടതു മുന്നണിക്ക് തന്നെ കിട്ടുമെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു.
കവലകൾ കേന്ദ്രീകരിച്ചാണ് മാണി സി കാപ്പൻ വോട്ട് ചോദിച്ച് തുടങ്ങിയത്. പാലായിൽ മൂന്ന് തവണ കെ എം മാണിയോട് തോറ്റു. മാണി സ്ഥാനാർത്ഥിയല്ലാത്ത തെരഞ്ഞെടുപ്പിൽ, ഇത്തവണ സഹായിക്കണം. ഇങ്ങനെ അഭ്യർത്ഥിക്കുന്ന മാണി സി കാപ്പൻ ഉന്നമിടുന്നത് വോട്ടർമാരുടെ സഹതാപമാണ്. ഒപ്പം കേരള കോൺഗ്രസിലെ ഭിന്നതയും വോട്ടാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.