എം എൽ എ സ്ഥാനം രാജിവെക്കില്ല പുതിയ പാർട്ടി രൂപീകരിച്ച് യു ഡി എഫ് ൽ ഘടകകക്ഷിയായി മത്സരിക്കും :മാണി സി കാപ്പൻ
വ്യക്തിപരമായ ബന്ധത്തിന്റെ പേരിൽ തന്നെ കൂട്ടത്തിൽ നിർത്തണമെന്നായിരുന്നു ശരദ് പവാർ ആഗ്രഹിച്ചത്
പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുമെന്ന് മാണി. സി. കാപ്പൻ. സർക്കാരിൽ നിന്ന് കിട്ടിയ കോർപ്പറേഷൻ ഉൾപ്പെടെ രാജിവയ്ക്കാനാണ് തീരുമാനം. എംഎൽഎയായി തുടരും. പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ഘടകകക്ഷിയായി നിൽക്കുമെന്നും മാണി. സി. കാപ്പൻ വിശദീകരിച്ചു.മന്ത്രി എം.എം മണി വാ പോയ കോടാലിയാണ്, വണ്‍, ടൂ, ത്രീ എന്നാണ് അദ്ദേഹത്തിന്റെ ശൈലിയെന്നും അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
ചതി ആരുടെ ഭാഗത്ത് നിന്നാണെന്ന് ആലോചിക്കണം. ജോസ്. കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചത് യുഡിഎഫ് വിട്ടതിന് ശേഷമാണ്. താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. ഒരാൾക്ക് ഒരു രീതി, മറ്റൊരാൾക്ക് മറ്റൊരു നീതി എന്ന നിലയിലാണ് കാര്യങ്ങൾ. പറയുന്നതിൽ നീതി വേണമെന്നും മാണി. സി. കാപ്പൻ പറഞ്ഞു.
തന്നോടൊപ്പം എൻസിപിയിലെ പതിനൊന്ന് ഭാരവാഹികൾ ഉണ്ടാകും. സെക്രട്ടറിയും ട്രഷററും ഇതിൽ ഉൾപ്പെടും. വ്യക്തിപരമായ ബന്ധത്തിന്റെ പേരിൽ തന്നെ കൂട്ടത്തിൽ നിർത്തണമെന്നായിരുന്നു ശരദ് പവാർ ആഗ്രഹിച്ചത്. എന്നാൽ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ലെന്നും മാണി. സി . കാപ്പൻ വ്യക്തമാക്കി.
പാലായിൽ ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കും. താൻ യുഡിഎഫിൽ എത്തുന്നത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ കോടതിയിൽ എല്ലാത്തിനും വ്യക്തമായ മറുപടി ലഭിക്കുമെന്നും മാണി. സി. കാപ്പൻ കൂട്ടിച്ചേർത്തു.അതേസമയം എൽ ഡി എഫിനെ വഞ്ചിച്ച കാപ്പൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ഫെബ്രുവരി 13 ന് പാലായിൽ എൽ ഡി എഫ് പ്രകടനവും നടത്തിയിരുന്നു.