മൻ കി ബാത്ത് പ്രസംഗത്തിൽ 105 വയസുള്ള ഭഗീരഥി അമ്മയെ പ്രകീർത്തിച്ച് മോദി.
'ജീവിതത്തിൽ നമ്മൾ ഉയർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മളെ നമ്മൾ തന്നെ ക്രമേണ വളർത്തണം. എന്തെങ്കിലും നമ്മൾ നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ആദ്യം വേണ്ടത് നമ്മുടെ ഉള്ളിലെ വിദ്യാർത്ഥി മരിക്കാതിരിക്കുക എന്നതാണ്. 105 വയസുള്ള നമ്മുടെ ഭഗീരഥി അമ്മ അതിന് ഒരു പ്രചോദനമാണ്'
ന്യൂഡൽഹി: പ്രായാധിക്യത്തിലും പഠിക്കാൻ മനസു കാട്ടിയ കേരളത്തിൽ നിന്നുള്ള 105 വയസുള്ള ഭഗീരഥി അമ്മയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ അറുപത്തി രണ്ടാമത്തെ മൻ കി ബാത്ത് പ്രസംഗത്തിലാണ് മലയാളിയായ ഭഗീരഥി അമ്മയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്.കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ തുല്യതാ പരീക്ഷയിലാണ് ഭഗീരഥി അമ്മ വിജയം സ്വന്തമാക്കിയത്. ആറു മക്കളും 16 കൊച്ചുമക്കളുമാണ് ഭഗീരഥി അമ്മയ്ക്കുള്ളത്.
‘ജീവിതത്തിൽ നമ്മൾ ഉയർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മളെ നമ്മൾ തന്നെ ക്രമേണ വളർത്തണം. എന്തെങ്കിലും നമ്മൾ നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ആദ്യം വേണ്ടത് നമ്മുടെ ഉള്ളിലെ വിദ്യാർത്ഥി മരിക്കാതിരിക്കുക എന്നതാണ്. 105 വയസുള്ള നമ്മുടെ ഭഗീരഥി അമ്മ അതിന് ഒരു പ്രചോദനമാണ്’ – തന്‍റെ മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘കേരളത്തിലെ കൊല്ലം ജില്ലയിലാണ് ഭഗീരഥി അമ്മ. വളരെ ചെറിയ പ്രായത്തിൽ തന്നെ അമ്മയെ നഷ്ടമായ അവർക്ക് ഭർത്താവിനെയും ചെറുപ്പത്തിൽ തന്നെ നഷ്ടമായി. എന്നാൽ തന്‍റെ ധൈര്യം കൈവിടാൻ ഭഗീരഥി അമ്മ തയ്യാറായില്ല. പത്തു വയസാകുന്നതിനു മുമ്പ് തന്നെ അവർക്ക് സ്കൂൾ ഉപേക്ഷിക്കേണ്ടതായി വന്നു. പിന്നീട് 105 വയസ് ആയപ്പോഴാണ് അവർ പഠനം വീണ്ടും തുടങ്ങിയത്. ഈ പ്രായത്തിലും നാലാം ക്ലാസിലെ തുല്യതാപരീക്ഷ എഴുതിയ അവർ 75 ശതമാനം മാർക്കാണ് നേടിയത്. അതു മാത്രമല്ല, കണക്കിൽ അവർ മുഴുവൻ മാർക്ക് നേടുകയും ചെയ്തു. പഠനം തുടരാനും ഉന്നതപരീക്ഷകൾ എഴുതാനുമാണ് ഭഗീരഥി അമ്മ ഇപ്പോൾ ആഗ്രഹിക്കുന്നത്’ – മോദി വ്യക്തമാക്കി.