കളമശ്ശേരി പോളിടെക്‌നിക്കില്‍ കഞ്ചാവ് പ്രധാന പ്രതി റിമാൻഡിൽ

ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു

കളമശ്ശേരി | കൊച്ചി കളമശ്ശേരി പോളിടെക്‌നിക്കില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രധാനപ്രതി ആകശ് റിമാന്‍ഡില്‍. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശിനെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്ക്കാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന ആളാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. എസ്എഫ്ഐയുടെ നേതാവും യൂണിയന്‍ സെക്രട്ടറിയുമാണ് അഭിരാജ്. ചെറിയ അളവാണ് അഭിരാജുണ്ടായിരുന്ന മുറിയില്‍ നിന്ന് പിടിച്ചെടുത്തത് എന്ന കാരണം പറഞ്ഞാണ് അഭിരാജിനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എന്നാല്‍ എസ്എഫ്ഐ നേതാവിനെ രക്ഷിക്കാനുളള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പൊലീസ് നടപടിയെന്ന വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പോളിടെക്നിക് കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ പെരിയാര്‍ ഹോസ്റ്റലിലെ എഫ് 39 മുറിയാണ് അഭിരാജും ആദിത്യനും ഉപയോഗിച്ചിരുന്നത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇതിന് പുറമേ മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കഞ്ചാവ് വലിക്കാന്‍ നിര്‍മിച്ച ക്രമീകരണങ്ങളും പൊലീസ് കണ്ടെത്തി. ഇതിനോടൊപ്പം ഒരു ത്രാസും കണ്ടെത്തിയിരുന്നു. ക്യാമ്പസില്‍ ഹോളി ആഘോഷം നടക്കാനിരിക്കെയായിരുന്നു പരിശോധന നടന്നത്. സംഭവത്തില്‍ ആകാശിനേയും ആദിത്യനേയും അഭിരാജിനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

You might also like

-