മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവർണർ ശിവസേനയെ ക്ഷണിച്ചു ;പിന്തുണക്കാൻ ശിവസേന എൻ ഡി എ ബന്ധം ഉപേക്ഷിച്ച് മന്ത്രിമാരെ രാജി വൈപ്പിക്കണമെന്നു എൻ സി പി
എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാന്‍ ശിവസേന തയാറാകണം. കേന്ദ്രമന്ത്രിസഭയില്‍നിന്നും ശിവസേന തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുകയും വേണം
.മുംബൈ : ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലാത്ത മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അറിയിച്ചതിനു പിന്നാലെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചത്. തിങ്കളാഴ്ച രാത്രി എഴരയ്ക്കകം മറുപടി നല്‍കാനാണ് ഗവര്‍ണറുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു.
അതേസമയം എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചര്‍ച്ചക്കില്ലെന്ന് എന്‍.സി.പി വ്യക്തമാക്കി. ബി.ജെ.പിയുമായി ഒരുതരത്തിലുള്ള ബന്ധവും ഇല്ലെന്നു പ്രഖ്യാപിച്ചാല്‍ മാത്രമേ ശിവസേനയ്ക്കു പിന്തുണ നല്‍കുകയുള്ളെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു. എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാന്‍ ശിവസേന തയാറാകണം. കേന്ദ്രമന്ത്രിസഭയില്‍നിന്നും ശിവസേന തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുകയും വേണം. ശിവസേനയില്‍നിന്നും ഇതുവരെ ഒരുതരത്തിലുള്ള നിര്‍ദേശങ്ങളും ലഭിച്ചിട്ടില്ല. ശരത് പവാര്‍ പ്രഖ്യാപിച്ചതുപോലെ കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. ചൊവ്വാഴ്ച എന്‍.സി.പി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും നവാബ് മാലിക് അറിയിച്ചു. പുതിയ സംഭവികാസങ്ങളില്‍ കോണ്‍ഗ്രസ് ഇതുവരെ അഭിപ്രായപ്പെട്ടിട്ടില്ല. ശിവസേനയെ പിന്തുണയ്ക്കണോയെന്ന് കോണ്‍ഗ്രസ് അടുത്ത ദിവസം ചര്‍ച്ച ചെയ്യും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കം നേതാക്കള്‍ തിങ്കളാഴ്ച സോണിയ ഗാന്ധിയെ കാണും. ശരത് പവാറും സോണിയയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞു.
അവസാനശ്രമത്തിലും ശിവസേന വഴങ്ങാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്നും ബിജെപി പിന്മാറിയത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലമില്ലെന്നു കാവല്‍ മുഖ്യമന്ത്രിയും നിയമസഭാ കക്ഷി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ അറിയിക്കുകയായിരുന്നു.സംസ്ഥാനത്ത് ശിവസേന മുഖ്യമന്ത്രി തന്നെ ഉണ്ടാകുമെന്നു മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് എം.പി പറഞ്ഞു. എന്തു വിലകൊടുത്തും ശിവസേന ഭരിക്കുമെന്നും റാവുത്ത് പറഞ്ഞു