നരേന്ദ്രമോദി ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
പുൽവാമയിൽ മരിച്ച ജവാൻമാർക്കായി വോട്ട് ചെയ്യണം എന്നായിരുന്നു മോദി ലാത്തൂരിൽ പ്രസംഗിച്ചത്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പ്രസംഗം പ്രഥമദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. പുൽവാമയിൽ മരിച്ച ജവാൻമാർക്കായി വോട്ട് ചെയ്യണം എന്നായിരുന്നു മോദി ലാത്തൂരിൽ പ്രസംഗിച്ചത്. പതിനെട്ട് വയസ് തികഞ്ഞ വോട്ടർമാർ തങ്ങളുടെ കന്നി വോട്ട് വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാരുടെ ധൈര്യത്തെ മുൻനിർത്തി വോട്ട് ചെയ്യാൻ തയ്യാറുണ്ടോ എന്നും മോദി ലാത്തൂരിൽ നടത്തിയ വിവാദ പ്രസംഗത്തിൽ ചോദിച്ചിരുന്നു.
പ്രതിരോധ സേനയെ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പലതവണ വ്യക്തമാക്കിയതാണ്. മോദിയുടെ ലാത്തൂർ പ്രസംഗം വിവാദമായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. നേരത്തേ തെരഞ്ഞെടുപ്പ് യോഗത്തിൽ ഇന്ത്യൻ സൈന്യത്തെ ‘മോദിയുടെ സേന’ എന്ന് വിശേഷിപ്പിച്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ ശാസിച്ചിരുന്നു.