മഹാരാഷ്ട്രയില്‍ ഒറ്റക്ക് ഭരിക്കാനുള്ള ബിജെപിമോഹം പാളി
ബിജെപി ശിവസേന സഖ്യം വീണ്ടും അധികാരത്തിലേറുമ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തരംഗം നിലനിര്‍ത്താനായില്ല
മുംബൈ :മഹാരാഷ്ട്ര നിയമസഭയിലേയ്ക്ക് ബിജെപി നടത്തിയ പോരാട്ടം സഖ്യകക്ഷിയായ ശിവസേനയെ ഒതുക്കാന്‍ കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു . ശിവസേനയുടെ സഹായമില്ലാതെ അധികാരത്തിലെത്തുകയെന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കരുനീക്കങ്ങളാണ് പാളി പോയത്.
ബിജെപി ശിവസേന സഖ്യം വീണ്ടും അധികാരത്തിലേറുമ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തരംഗം നിലനിര്‍ത്താനായില്ല. തുടര്‍ ഭരണമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന് ഫലം കണ്ടുവെങ്കിലും തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ തിളക്കം കുറഞ്ഞ പ്രകടനം പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കയാണ്.
സ്വന്തം സീറ്റുകളില്‍ ബിജെപിക്ക് വന്ന വലിയ നഷ്ടം സംസ്ഥാന രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ മാറാനും ശിവസേനയുടെ വിലപേശല്‍ സാധ്യതകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തരിക്കയാണ്. ഇനി കാര്യങ്ങള്‍ ശിവസേന തീരുമാനിക്കുമെന്ന സ്ഥിതിയിലേക്കാണ് തിരഞ്ഞെടുപ്പ് ഫലം സൂചന നല്‍കുന്നത്.
പരസ്പര ധാരണയോടെ കാവി സഖ്യത്തിന് അധികാരത്തിലെത്താന്‍ കഴിഞ്ഞെങ്കിലും ആദിത്യ താക്കറെയുടെ കാര്യത്തില്‍ ശിവസേന മസില്‍ പെരുപ്പിക്കാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാകില്ല.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് രണ്ടാമൂഴത്തിനായി ഒരുങ്ങുമ്പോള്‍ ബിജെപി ശിവസേന സഖ്യത്തെ കാത്തിരിക്കുന്നത് നിരവധി കടമ്പകളാണ്. സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍, തൊഴിലില്ലായ്മ, കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയും സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.