പത്തിൽ ആറും തിരിച്ചെത്തി ഓപ്പറേഷൻ കമല പൊളിഞ്ഞു
ആകെയുള്ള പത്ത് വിമത എംഎൽഎമാരിൽ 6 പേർ തിരിച്ചെത്തിയതോടെ 130 അംഗ മധ്യപ്രദേശ് നിയമസഭയിൽ 117 പേരുടെ പിന്തുണ കോൺഗ്രസ് പക്ഷം ഉറപ്പിച്ചു. ശേഷിച്ച നാല് പേരെയും തിരികെ എത്തിക്കാനുള്ള നീക്കം പുരോഗമിക്കുന്നതായും ഉടൻ കോൺഗ്രസ് ക്യാമ്പ് 121 ആകുമെന്നും കോൺഗ്രസ് വക്താവ് പ്രതികരിച്ചു
മധ്യപ്രദേശിലെ ആദ്യ ഓപ്പറേഷൻ കമല ശ്രമത്തിന് തിരിച്ചടി. കമൽനാഥ് സർക്കാരിന് ആശ്വാസമായി 10 വിമത എംഎൽഎമാരിൽ ആറ് പേർ കോൺഗ്രസ് പാളയത്തിലേക്ക് രാത്രിയോടെ മടങ്ങി വന്നു. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും കാലാവധി തികയ്ക്കുമെന്നും മുഖ്യമന്ത്രി കമൽനാഥ് പ്രതികരിച്ചു.ആകെയുള്ള പത്ത് വിമത എംഎൽഎമാരിൽ 6 പേർ തിരിച്ചെത്തിയതോടെ 130 അംഗ മധ്യപ്രദേശ് നിയമസഭയിൽ 117 പേരുടെ പിന്തുണ കോൺഗ്രസ് പക്ഷം ഉറപ്പിച്ചു. ശേഷിച്ച നാല് പേരെയും തിരികെ എത്തിക്കാനുള്ള നീക്കം പുരോഗമിക്കുന്നതായും ഉടൻ കോൺഗ്രസ് ക്യാമ്പ് 121 ആകുമെന്നും കോൺഗ്രസ് വക്താവ് പ്രതികരിച്ചു. മന്ത്രിസഭാ പുനഃസംഘടന വേളയിൽ പരിഗണിക്കാമെന്ന പാർട്ടിയുടെ ഉറപ്പിന് മുന്നിലാണ് ആറ് എംഎൽഎമാരും വഴങ്ങിയത്. സർക്കാരിനേയോ പാർട്ടിയേയോ പ്രതിരോധത്തിലാക്കുകയോ മറിച്ചിടുകയോ തന്റെ ലക്ഷ്യം അല്ലെന്നും അത്തരം പ്രചരണം അവാസ്തവങ്ങളാണെന്നും ജ്യോതിരാധിത്യ സിന്ധ്യയും വ്യക്തമാക്കി.
അതേസമയം ഇപ്പോൾ മധ്യപ്രദേശിൽ നടന്നുകൊണ്ടിക്കുന്നത് വിരസമായ നാടകങ്ങളാണെന്നും ഇതിൽ പാർട്ടിക്ക് റോൾ ഇല്ലെന്നും ബിജെപി വ്യക്തമാക്കി. കോൺഗ്രസിന്റെ നിരവധി എംഎൽഎമാരാണ് പാർട്ടിയെ ബന്ധപ്പെട്ടിട്ടുള്ളത്. കമൽനാഥ് സർക്കാരിന്റെ പ്രവർത്തന പരാജയത്തിലും അഴിമതിയിലുമാണ് ഇവർക്ക് ആക്ഷേപം. പക്ഷേ ഇക്കാര്യത്തിലെ രാഷ്ട്രീയ നിലപാട് പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും ബിജെപി അറിയിച്ചു.