മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനുള്ള കരുനീക്കങ്ങളുമായി ബിജെപി.

കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും ഉടൻ തന്നെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി.

0

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച വിജയം നേടുമെന്ന എക്‌സിറ്റ് പോളുകൾ വന്നതിനു പിന്നാലെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനുള്ള കരുനീക്കങ്ങളുമായി ബിജെപി. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും ഉടൻ തന്നെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി. ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടാൻ സന്നദ്ധത അറിയിച്ചതായാണ് ബിജെപി നേതാക്കൾ പറയുന്നത്. ഇതോടെ കമൽനാഥ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ബിജെപിയുടെ വാദം.

മധ്യപ്രദേശ് സർക്കാർ സ്വമേധയാ വീഴുമെന്നും കുതിരക്കച്ചവടത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ മാധ്യമങ്ങളോട് പ്രതികരിച്ചു. മധ്യപ്രദേശിൽ ബിജെപി മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ തുടർച്ചയായ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് ഇത്തവണ കോൺഗ്രസ് അധികാരത്തിൽ എത്തിയത്. എസ്പിയുടെയും ബിഎസ്പിയുടെയും പിന്തുണയും ഇവിടെ കോൺഗ്രസിനുണ്ട്. ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റാണ് വേണ്ടത്. 114 സീറ്റുകൾ മാത്രമുള്ള കോൺഗ്രസ് എസ്പിയുടെയും ബിഎസ്പിയുടെയും പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്.

ബിജെപിക്ക് 109 സീറ്റുകളാണ് ഇവിടെയുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്ന എക്‌സിറ്റ് പോളുകൾക്ക് തൊട്ടു പിന്നാലെയാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമമെന്നതാണ് ശ്രദ്ധേയം. മധ്യപ്രദേശിലും ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. മധ്യപ്രദേശിലെ 29 സീറ്റുകളിൽ ബിജെപി 24 എണ്ണം വരെ നേടുമെന്ന് എക്‌സിറ്റ് പോൾ സർവേകൾ പ്രവചിച്ചിട്ടുണ്ട്.

You might also like

-