എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇഡി തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എൻഫോഴ്സ്മെന്‍റ് കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസികൾ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാൻ തയാറാണെന്നും ഹർജിയിലുണ്ട്. എന്നാൽ, എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ട്. സ്വപ്ന സുരേഷും കുടുംബവുമായി അടുത്ത സൗഹൃദമായിരുന്നെന്നും എന്നാൽ കളളക്കടത്ത് ബന്ധങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് ശിവശങ്കറിന്‍റെ വാദം. ലോക്കർ തുറക്കാൻ സഹായിച്ചത് സൗഹൃദത്തിന്‍റെ പേരിലാണെന്നും ഹ‍ർജിയിലുണ്ട്.
കഴിഞ്ഞദിവസം ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇഡി തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. .കഴിഞ്ഞ ദിവസം ശിവശങ്കർ കൊച്ചിയിലെത്തി ഹൈക്കോടതി അഭിഭാഷകൻ എസ്. രാജീവിനെ കണ്ടിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന സ്വപ്ന സുരേഷിനെതിരായ കേസിൽ ശിവശങ്കറിന്റെ ഇടപെടൽ എത്രത്തോളമുണ്ടെന്ന് വ്യക്തത വരുത്തേണ്ടതിനാൽ ഹാജരാകാൻ ശിവശങ്കറിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ചാണ് ഇഡി ചോദ്യം ചെയ്യലിന് ഒരുങ്ങിയിരിക്കുന്നത്. താൻ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നില്ല എന്ന നിലപാടായിരുന്നു ശിവശങ്കർ ഇതുവരെ സ്വീകരിച്ചിരുന്നത്.

അതേസമയം, സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ്, സരിത് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി വീണ്ടും പരിഗണിക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്താണെന്ന് സ്ഥാപിക്കാൻ കോടതി പലവട്ടം എൻഐഎയോട് ആവശ്യപ്പെട്ടിരുന്നു. റമീസ് അടക്കമുളള ചില പ്രതികൾക്ക് ദാവൂദ് സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു അന്വേഷണസംഘം ഇന്നലെ കോടതിയെ അറിയിച്ചത്. എൻഫോഴ്സ്മെന്‍റ് കേസിൽ നാലാം പ്രതിയായ സന്ദീപ് നായർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പറയും.

You might also like

-