എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
യുഎഇ കോൺസുലേറ്റ് വഴി 18000 കിലോ ഈന്തപ്പഴമാണ് കേരളത്തിലെത്തിച്ചത്. ഇതിൽ 9000 കിലോ സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തിൽ വിതരണം ചെയ്തു
കൊച്ചി :മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ശിവശങ്കറിനെ കസ്റ്റംസ് പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. യു.എ.ഇ കോൺസുലേറ്റ് വഴി വന്ന ഈന്തപ്പഴം വിതരണം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുന്നതിന് വേണ്ടിയാണ് ഇന്ന് വീണ്ടും ഹാജരാവാൻ നിർദ്ദേശം നൽകിയത്. 2017ൽ യു എ ഇ കോൺസുലേറ്റ് വഴി വന്ന ഈന്തപ്പഴം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്നലെ പ്രധാനമായും കസ്റ്റംസ് ചോദിച്ചറിഞ്ഞത്. ഈന്തപ്പഴം വിതരണം ചെയ്തതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ.
യുഎഇ കോൺസുലേറ്റ് വഴി 18000 കിലോ ഈന്തപ്പഴമാണ് കേരളത്തിലെത്തിച്ചത്. ഇതിൽ 9000 കിലോ സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തിൽ വിതരണം ചെയ്തു. എന്നാൽ ഈന്തപ്പഴം വിതരണം ചെയ്തത് ശിവശങ്കറിന്‍റെ വാക്കാലുള്ള നിർദ്ദേശപ്രകാരമായിരുന്നുവെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടരായിരുന്ന ടി.വി അനുപമ നേരത്തെ മൊഴി നൽകിയിരുന്നു. പ്രോട്ടോക്കോൾ ലംഘനത്തിനപ്പുറം ഈന്തപ്പഴ വിതരണത്തിന് സ്വർണക്കടത്തുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന കാര്യവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്