കോഴ,ഒളിക്യാമറയിൽ കുടുങ്ങി എംകെ രാഘവൻ

'ഓപ്പറേഷൻ ഭാരത് വർഷ്' എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്‍റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോർ‍ട്ടർമാരോട് എം കെ രാഘവൻ കോഴ ആവശ്യപ്പെട്ടെന്നാണ് ചാനൽ പുറത്തു വിട്ട ദൃശ്യങ്ങളിലുള്ളത്.

0

കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ എം കെ രാഘവൻ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവിട്ടു ഒരു ഹിന്ദി ന്യൂസ് ചാനലാണ് ‘ഓപ്പറേഷൻ ഭാരത് വർഷ്’ എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്‍റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോർ‍ട്ടർമാരോട് എം കെ രാഘവൻ കോഴ ആവശ്യപ്പെട്ടെന്നാണ് ചാനൽ പുറത്തു വിട്ട ദൃശ്യങ്ങളിലുള്ളത്. അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച എംപി ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്‍ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്.കോഴിക്കോട്ട് വച്ച് മാർച്ച് 10-ന് വൈകിട്ട് അഞ്ചരയ്ക്ക് നടത്തിയ സംഭാഷണമാണെന്നാണ് ചാനൽ അവകാശപ്പെടുന്നത്. അഞ്ച് ഭാഗങ്ങളായാണ് രാഘവനുമായി നടത്തിയ സംഭാഷണം സംപ്രേഷണം ചെയ്തത്. ഉമേഷ് പാട്ടീൽ, കുൽദീപ് ശുക്ല, രാം കുമാർ, അഭിഷേക് കുമാർ, ബ്രിജേഷ് തിവാരി എന്നീ റിപ്പോർട്ടർമാരോടാണ് എം കെ രാഘവൻ സംസാരിച്ചതെന്ന് ചാനൽ വ്യക്തമാക്കുന്നു.

എം കെ രാഘവനും ചാനൽ പ്രതിനിധികളുമായി നടത്തിയ സംഭാഷണം ഏകദേശ രൂപത്തിൽ ഇങ്ങനെയാണ്:

ഭാഗം ഒന്ന്:

റിപ്പോർട്ടർമാർ: ഞങ്ങൾ ഒരു കൺസൾട്ടൻസി കമ്പനിയാണ്. നിരവധി ക്ലയന്‍റുകളുണ്ട് ഞങ്ങൾക്ക്. പലർക്കും കേരളത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ താത്പര്യമുണ്ട്. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ കോഴിക്കോട്ട് നിർമിക്കാൻ സിംഗപ്പൂരിലെ ഒരു ക്ലയന്‍റിന് താത്പര്യമുണ്ട്. ഇവിടെ അതിനുള്ള ഭൂമി ലഭ്യമാകില്ലേ? പ്രാദേശിക വിഷയങ്ങൾ താങ്കൾക്കറിയാമല്ലോ? താങ്കളിൽ നിന്ന് സഹായം വേണം.

എം കെ രാഘവൻ: എത്ര സ്ഥലം വേണം?

റിപ്പോർട്ടർമാർ: 10 മുതൽ 15 ഏക്കർ വരെ.

എം കെ രാഘവൻ: 50 ഏക്കറോ?

റിപ്പോർട്ടർമാർ: അല്ലല്ല, 15. 15 ഏക്കർ.

എം കെ രാഘവൻ: ഓ നിങ്ങൾക്ക് 15 ഏക്കർ വേണം, അല്ലേ? 15 ഏക്കറെങ്കിൽ 20.

റിപ്പോർട്ടർമാർ: 2 കോടിയോ?

എം കെ രാഘവൻ: അല്ല, 20 കോടി.

ഭാഗം രണ്ട്:

റിപ്പോർട്ടർമാർ: എന്തിനാണ് ഏറ്റവും കൂടുതൽ ചെലവ് വരുന്നത്?

എം കെ രാഘവൻ: പ്രിന്‍റിംഗിനാണ് ചെലവ് കൂടുതൽ. പ്രിന്‍റിംഗും ഹോർഡിംഗുകളുമായി.

റിപ്പോർട്ടർമാർ: ബിൽഡിംഗോ?

എം കെ രാഘവൻ: അല്ലല്ല, പ്രിന്‍റിംഗ്. പിന്നെ, കൊടിതോരണങ്ങളും മറ്റും.

റിപ്പോർട്ടർമാർ: ഇതെല്ലാം പണമായിട്ട് തന്നെയാണോ?

എം കെ രാഘവൻ: ചിലതൊക്കെ മറ്റ് രൂപത്തിലാണ്. അല്ലെങ്കിൽ പണമായിട്ട് തന്നെയാണ്.

(തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ 2014 തെരഞ്ഞെടുപ്പിലെ ചെലവായി ആകെ എം കെ രാഘവൻ 52 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളത്)

ഭാഗം മൂന്ന്:

റിപ്പോർട്ടർമാർ: ഇവിടെയും ഡമ്മി സ്ഥാനാർത്ഥികളുണ്ടോ? ഉത്തർപ്രദേശിലെയൊക്കെ പോലെ? അവർക്കും പണം കൊടുക്കുമോ?

എം കെ രാഘവൻ: അതൊക്കെ അവരുടെ ഡിപ്പോസിറ്റ് പോലെ (ഓഡിയോ അവ്യക്തം)

റിപ്പോർട്ടർമാർ: മദ്യം കൊടുക്കുമോ?

എം കെ രാഘവൻ: പോളിംഗ് ദിവസം.

റിപ്പോർട്ടർമാർ: നിങ്ങൾ മദ്യം കൊടുക്കുമോ?

എം കെ രാഘവൻ: ഞങ്ങളല്ല മദ്യം കൊടുക്കുക. അതൊക്കെ ലോക്കൽ ആളുകൾ മാനേജ് ചെയ്യും. അതിന് കമ്മിറ്റികളുണ്ട്.

റിപ്പോർട്ടർമാർ: റാലികളിലൊക്കെ എത്ര ചെലവ് വരും?

എം കെ രാഘവൻ: അത് ആ ഏരിയ അനുസരിച്ചിരിക്കും.

ഭാഗം നാല്

റിപ്പോർട്ടർമാർ: ഒരു ദിവസം എത്ര ചെലവ് വരും?

എം കെ രാഘവൻ: നിരവധി വാഹനങ്ങളുണ്ടാകുമല്ലോ.

റിപ്പോർട്ടർമാർ: എത്ര വാഹനങ്ങളുണ്ടാകും?

എം കെ രാഘവൻ: 50-60 വാഹനങ്ങളുണ്ടാകും.

റിപ്പോർട്ടർമാർ: ദിവസം ഒരു 10 ലക്ഷം ചെലവ് വരുമോ?

എം കെ രാഘവൻ: എല്ലാവർക്കും. ഡീസൽ, ഡ്രൈവർ, വണ്ടിയുടെ വാടക, അവർക്ക് ഭക്ഷണം കഴിക്കാനുള്ള ചിലവ് ഒക്കെയുണ്ടല്ലോ.

റിപ്പോർട്ടർമാർ: ആ ചെലവൊക്കെ?

എം കെ രാഘവൻ: ഞങ്ങൾ കളക്ഷൻ നടത്തും.

റിപ്പോർട്ടർമാർ: ഇതെല്ലാം പണമായിട്ട് തന്നെയാണോ?

എം കെ രാഘവൻ: അതെ.

(അഞ്ച് കോടി രൂപ നൽകാം എന്ന് വാഗ്ദാവം ചെയ്തതായി ചാനൽ അവകാശപ്പെടുന്നു.)

ഭാഗം അഞ്ച്

റിപ്പോർട്ടർമാർ: ഞങ്ങൾ ഫണ്ട് തരികയാണെങ്കിൽ പണമായിട്ടോ ചെക്കായിട്ടോ തരേണ്ടത്?

എം കെ രാഘവൻ: പണമായിട്ട് തന്നാൽ മതി.നോക്കൂ ദില്ലിയിൽ എന്‍റെ സെക്രട്ടറിയുണ്ട്. സെക്രട്ടറിയോട് പറഞ്ഞ് നിങ്ങളോട് സംസാരിക്കാൻ പറയാം.

റിപ്പോർട്ടർമാർ: അഞ്ച് കോടി ഞങ്ങൾ തരാം. സെക്രട്ടറിയുമായി ബന്ധപ്പെട്ടാൽ മതിയല്ലോ അല്ലേ?

എം കെ രാഘവൻ: മതി.

ഭാഗം ആറ്

റിപ്പോർട്ടർമാർ: പാർട്ടിയിൽ നിന്ന് പണം കിട്ടുമോ?

എം കെ രാഘവൻ: രണ്ട് മുതൽ 5 സിആർ വരെ കിട്ടുമെന്നാണ് കരുതുന്നത്.

റിപ്പോർട്ടർമാർ: രണ്ട് കോടിയും പണമായിട്ടാണോ?

എം കെ രാഘവൻ: അതെ.

നിഷേധിച്ച് എം കെ രാഘവൻ

എം കെ രാഘവൻ എന്നാൽ ഈ ആരോപണം നിഷേധിച്ചു. തന്‍റെ ശബ്ദം എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നൽകി എന്നാണ് രാഘവൻ അവകാശപ്പെടുന്നത്. ഇത് ചൂണ്ടിക്കാട്ടി ചാനലിനെതിരെ പരാതി നൽകുമെന്നും എം കെ രാഘവൻ വ്യക്തമാക്കി. വ്യക്തിഹത്യ നടത്തുന്ന തരം ആരോപണങ്ങളും പ്രചാരണങ്ങളും നടത്തിയെന്ന് കാട്ടി വരണാധികാരിക്ക് രാഘവൻ പരാതി നൽകി. തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്നും എം കെ രാഘവൻ പ്രതികരിച്ചു.

 

You might also like

-