ന്യൂന മർദ്ദം 10 ജില്ലകളിൽ യെല്ലോ അലർട്ട് 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാദ്ധ്യത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഈ സാഹചര്യത്തിൽ 10 ജില്ലകളിൽ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് ഏർപ്പെടുത്തി. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും മണിക്കൂറില് 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പും മുന്നറിയിപ്പ് നൽകി.
നിലവിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി വടക്കൻ തമിഴ്‌നാട്ടിൽ ചെന്നൈ തീരത്തു കൂടി കരയിൽ പ്രവേശിച്ചു. കഴിഞ്ഞ 6 മണിക്കൂറായി 10 കി.മി വേഗതയിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച തീവ്ര ന്യൂനമർദ്ദം ഇന്നലെ രാത്രി 11.30 ഓടെയാണ് കരയിലേക്ക് പ്രവേശിച്ചത്.
പടിഞ്ഞാറു- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യൂനമർദ്ദം ഇന്ന് രാവിലെ ശക്തി ക്ഷയിച്ചു ന്യുനമർദ്ദമായി മാറാനാണ് സാ്ദ്ധ്യത. ബംഗാൾ ഉൾക്കടലിന് പുറമേ മദ്ധ്യ അറബിക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അതേസമയം നാളെ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാദ്ധ്യത.