,ലൈഗീക അരാജകത്വത്തിലേക്ക് നയിക്കുന്ന അനാരോഗ്യകര ഡെയ്റ്റിങ്ങ്
“ഡെയ്റ്റിങ്ങ്” എന്നത് ഒരു നൂതന ആശയമായി കരുതാനാകില്ല.പൗരാണിക ഭാരതത്തില്‍ ഉടലെടുത്ത ആര്യ-ദ്രാവിഡ സംസ്കാരത്തില്‍ നടന്നിരുന്ന പ്രേമ വിവാഹങ്ങളാണ് പില്‍ക്കാലത്ത് “ഡെയ്റ്റിങ്ങ്”
ഡാളസ് :പാശ്ചാത്യ പൗരസ്ഥ്യ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും കൗമാര യുവജനങ്ങള്‍ക്കിടയില്‍ അവിശ്വസനീയമാം വണ്ണം വര്‍ദ്ദിച്ചു വരുന്ന അപകടകരമായ സംസ്കാരമാണ് ഡെയ്റ്റിങ്ങ്.
“ഡെയ്റ്റിങ്ങ്” എന്നത് ഒരു നൂതന ആശയമായി കരുതാനാകില്ല.പൗരാണിക ഭാരതത്തില്‍ ഉടലെടുത്ത ആര്യ-ദ്രാവിഡ സംസ്കാരത്തില്‍ നടന്നിരുന്ന പ്രേമ വിവാഹങ്ങളാണ് പില്‍ക്കാലത്ത് “ഡെയ്റ്റിങ്ങ്” എന്ന ഓമനപ്പേരില്‍ അറിയപ്പെടുവാനാരംഭിച്ചത് .യുവമിഥുനങ്ങള്‍ തമ്മിലുള്ള ദീര്‍ഘവും അനശ്വരവുമായ നിരവധി പ്രേമ കഥകളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.പരസ്പരം കണ്ടും,കേട്ടും,അറിഞ്ഞും വളര്‍ന്ന് സഭ്യതയുടെ അതിര്‍ത്തി ലംഘിക്കാതെ അനുരാഗം ഒടുവില്‍ വിവാഹത്തിലൂടെ സാഫല്യമടഞ്ഞിരുന്നു.ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും ഇപ്രകാരം നടക്കുന്ന വിവാഹങ്ങള്‍ക്ക് സമൂഹത്തില്‍ പവിത്രതയും,മാന്യതയും കല്‍പ്പിക്കപ്പെട്ടിരുന്നു.നൈമിഷീക വികാരങ്ങള്‍ക്കടിമപ്പെട്ട് സ്ഥായിയായി നിലനില്‍ക്കേണ്ട വിവാഹ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുവാന്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല എന്നുമാത്രമല്ല മരണം പരസ്പരം വേര്‍തിരിക്കും വരേ അത് നിലനില്‍ക്കുകയും ചെയ്തിരുന്നു.
ആധുനിക കാലഘട്ടത്തില്‍ വിവാഹത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ വികലമാക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ വിവാഹത്തിലൂടെ പരസ്പരം ബന്ധിക്കപ്പെട്ടവരില്‍ നല്ലൊരു ശതമാനം ഭാര്യാ-ഭര്‍തൃ ബന്ധത്തിന്റെ ആഴം ഗ്രഹിക്കാതെ വിശ്വാസ യോഗ്യത നഷ്ടപ്പെട്ട് ശിഥിലമായ കുടുംബജീവിതം നയിക്കുന്നവരാണ്. ഡെയ്റ്റിങ്ങ് എന്ന ചതിക്കുഴിയില്‍ വീഴുന്നവരില്‍ ഭൂരിപക്ഷവും ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള മാതാ പിതാക്കന്മാരുടെ തലമുറയാണെന്ന് നിസ്സംശയം മനസ്സിലാക്കാം.ഇതില്‍ ഒട്ടും അതിശയോക്തി ഇല്ല കാരണം വിവാഹത്തിനു മുന്‍പ് ആശയവിനിമയം നടത്തുന്നതിനോ,മനസ്സിലാക്കുന്നതിനോ മാതാ പിതാക്കള്‍ക്ക് അവസരം ലഭിക്കാത്തതാണ് വിവാഹ ബന്ധം തകര്‍ച്ചയിലേക്ക് നയിക്കപ്പെടുവാന്‍ ഇടയാക്കിയതെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.അതിനാലാണ് വിവാഹത്തിനു മുന്‍പ് “ഡെയ്റ്റിങ്ങ്” അനിവാര്യമാണെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ ഡെയ്റ്റിങ്ങില്‍ ഒരപാകതയും കണ്ടെത്താനാകില്ല.വിശുദ്ധ ബൈബിള്‍ ഉള്‍പ്പെടെയുള്ള മത ഗ്രന്ഥങ്ങളില്‍ പരസ്പരം വിവാഹിതരാകുവാന്‍ ആഗ്രഹിച്ചിരുന്നവര്‍ മാതാ പിതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ ശിരസ്സാ വഹിച്ചു ആ സുന്ദര മുഹൂര്‍ത്തത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്ന നിരവധി സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഇതി നിന്നും തികറ്റും വിഭിന്നമായ ഡെയ്റ്റിങ്ങ് സംസ്കാരമാണ് ഇന്നത്തെ തലമുറയെ ഗ്രസിച്ചിരിക്കുന്നത്.
ഹൈസ്കൂള്‍ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ പരസ്പരം പരിചയപ്പെടുന്ന യുവതിയുടെയോ യുവാവിന്റെയോ മനസ്സില്‍ വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തളിരിടുവാനാരംഭിക്കുന്നു.കുടുംബാന്തരീക്ഷത്തില്‍ നിന്നും മാതാ പിതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്നും അകന്നു കഴിയുന്ന കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന ഏകാന്തത പരിഹരിക്കുന്നതിന് മനസ്സിനിണങ്ങിയ ഒരു തുണയെ കണ്ടെത്താനുള്ള വ്യഗ്രതയാണ് ഡെയ്റ്റിങ്ങ് എന്ന സംസ്കാരത്തിലേക്ക് ഇവരെ ആകര്‍ശിക്കുന്നത്.ആരംഭ ഘട്ടത്തില്‍ നല്ല സുഹൃത്ത് ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പരസ്പരം സംസാരിക്കുന്നതിന് ഇവര്‍ കണ്ടെത്തുന്നത് പാര്‍ക്കുകളും, ലൈബ്രറികളും, റെസ്റ്റോറന്റുകളുമാണ്. തുടര്‍ന്ന് ഒറ്റയ്ക്ക് താമസിക്കുന്ന മുറികളില്‍ നിത്യ സന്ദര്‍ശനം നടത്തുക, ഒന്നിച്ചു താമസിക്കുക എന്ന സ്ഥിതിയിലേക്ക് ബന്ധങ്ങള്‍ അതിവേഗം വളരുന്നു.ഇവിടെയാണ് അറിഞ്ഞോ അറിയാതെയോ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നത്.
ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സ്വതസിദ്ധമായി ലഭിച്ചിരിക്കുന്ന അതി മഹത്തമായ ഒരു വരദാനമാണ് ലൈഗീക വികാരം.പ്രത്യേക സാഹചര്യത്തില്‍ പ്രേമത്തിന്റെ തീവ്രത യുവമിഥുനങ്ങളുടെ ഹൃദയങ്ങളെയും,ശരീരത്തെയും ഒരു പോലെ ബാധിക്കപ്പെടുന്നു.ഇവിടെ വികാരം വിവേകത്തെ കീഴ്പ്പെടുത്തുന്നു.വിവാഹത്തിനു ശേഷം മാത്രമാണ് ലൈഗീക ജീവിതം അനുവദിക്കപ്പെട്ടിരിക്കുന്നത് എന്ന സനാതനസത്യം ഇവിടെ വിസ്മരിക്കപ്പെടുന്നു.
ഡെയ്റ്റിങ്ങിന്റെ പേരില്‍ യുവതീ യുവാക്കളെ മാറി മാറി പരീക്ഷിക്കുന്ന പ്രവണത വര്‍ദ്ദിച്ചുവരുന്നു.ഇത് തെറ്റുകളില്‍ നിന്നും കൂടുതല്‍ തെറ്റുകളിലേക്ക് നയിക്കപ്പെടുന്നു.ഡെയ്റ്റിങ്ങില്‍ കൂടുതല്‍ വഞ്ചിതരാകുന്നത് സ്ത്രീകളാണ്.സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും ലൈഗീക ചൂഷണങ്ങള്‍ക്കും വിധേയരാക്കിയതിനു ശേഷം നിഷ്കളങ്കരായ പെണ്‍കുട്ടികളുടെ ജീവിതം പിച്ചി ചീന്തി തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നത് സര്‍വ്വ സാധാരണമായിരിക്കുന്നു.ആരോഗ്യകരവും അനാരോഗ്യകരുവുമായ ഡെയ്റ്റിങ്ങ് ബന്ധങ്ങള്‍ തിരിച്ചറിയുന്നതില്‍ പെണ്‍ കുട്ടികള്‍ പരാജയപ്പെടുന്നു എന്നതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈയിടെ പ്രസിദ്ധീകരിച്ച ഒരു സര്‍വ്വേയില്‍ ഡെയ്റ്റിങ്ങിന്റെ പേരില്‍ 87% പെണ്‍കുട്ടികളും വെര്‍ബല്‍ അബ്യൂസിനും,47% ശാരീരിക പീഡനത്തിനും,25% ലൈഗീക പീഡനത്തിനും ഇരയാകുന്നു എന്ന ഞെട്ടിക്കുന്ന സത്യം പുറത്തു വിട്ടിരിക്കുന്നു.
2012 ല്‍ ടെക്സാസില്‍ മാത്രം 4442 നിഷ്കളങ്കരായ പെണ്‍കുട്ടികളാണ് ലൈഗീക പീഡനത്തിനു ഇരയായതായി നാഷണല്‍ ഡെയ്റ്റിങ്ങ് അബ്യൂസ് ഹെല്‍പ്പ് ലൈനിലൂടെ പരാതി പെട്ടിരുന്നത്.ഡെയ്റ്റിങ്ങുമായി ബന്ധപ്പെട്ട് 370 ഫോണ്‍ കോളുകള്‍ ഒരോ മാസവും ശരാശരി ലഭിക്കുന്നുണ്ടന്നും സര്‍വ്വെ വെളിപ്പെടുത്തുന്നു.
ഡെയ്റ്റിങ്ങിന്റെ സദുദ്യേശത്തെ കുറിച്ച് തികറ്റും ബോധമുണ്ടെങ്കിലും,അതില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് വളര്‍ന്നു വരുന്ന തലമുറയെ ബോധവല്‍ക്കരിക്കുന്നതിനും,മാതൃകാപരമായ വിവാഹ ബന്ധങ്ങള്‍ എപ്രകാരമായിരിക്കുമെന്ന് സ്വന്തം സ്വഭാവത്തിലൂടെ തെളിയിക്കുന്നതിനും മാതാ പിതാക്കള്‍ സന്നദ്ധരായിരിക്കണം. ലൈഗീക അരാജകത്വത്തിലേക്ക് നയിക്കുവാന്‍ സാധ്യതയുള്ള അനാരോഗ്യകരമായ ഡെയ്റ്റിങ്ങ് ഉപേക്ഷിച്ച് പരിപാവനവും അതിശ്രേഷ്ഠ്വുമായ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ആരോഗ്യകരമായ ഡെയ്റ്റിങ്ങ് സംസ്കാരം വളര്‍ത്തിയെടുക്കുന്ന പരിശ്രമത്തില്‍ നമുക്കും പങ്കു ചേരാം