ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ
വിവിധ രൂപതകളില്‍ നിന്നുള്ള പരാതി പരിശോധിച്ചാണ് നിലപാടെന്ന് സഭ വിശദീകരണക്കുറിപ്പില്‍ പറയുന്നു
കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് വീണ്ടും ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലല്ല വിവിധ രൂപതകളില്‍ നിന്നുള്ള പരാതി പരിശോധിച്ചാണ് നിലപാടെന്ന് സഭ വിശദീകരണക്കുറിപ്പില്‍ പറയുന്നു. കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന സഭയുടെ വിശദീകരണം.
‘ലൗ ജിഹാദ് പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുത്. മത സൗഹാദര്‍ദ്ദത്തെ തകര്‍ക്കുന്ന പ്രശ്നമായി ലൗ ജിഹാദിനെ സഭ കാണുന്നില്ല. സമൂഹത്തെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്’. ഇക്കാര്യത്തില്‍ കാര്യക്ഷമമായ പൊലീസ് അന്വേഷണം വേണമെന്നുമാണ് സിറോ മലബാര്‍ സഭയുടെ ആവശ്യം.
കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സര്‍ക്കാരിന്റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.