കടം വാങ്ങിയ പൈസ കൊണ്ട് വാങ്ങിയ ലോട്ടറിക്ക് ഒന്നര കോടി ബമ്പര്‍ സമ്മാനം പഞ്ചാബിൽ ഇഷ്ടിക തൊഴിലാളിക്ക്

അയല്‍ക്കാരനില്‍ നിന്ന് 200 രൂപ കടം വാങ്ങി ലോട്ടറി ടിക്കറ്റ് വാങ്ങി. ഭാഗ്യദേവത മനോജിനൊപ്പമായിരുന്നു. ഒന്നര കോടി രൂപയുടെ ബമ്പര്‍ സമ്മാനം മനോജ് എടുത്ത ടിക്കറ്റിനാണ് ലഭിച്ചത്

0

അമൃത്സര്‍:കടം വാങ്ങിയ പൈസ കൊണ്ട് എടുത്ത ലോട്ടറിക്ക് സമ്മാനം അടിക്കുക, അതും ഒന്നര കോടി. ഭാഗ്യമെന്നല്ലാതെ എന്താണ് പറയുക. പഞ്ചാബിലെ സാംഗൂറിലുള്ള മാന്ദ്‍വി ഗ്രാമത്തിലെ മനോജ് കുമാറിനെയാണ് ഈ അത്യപൂര്‍വ്വ ഭാഗ്യം തേടിയെത്തിയത്. പഞ്ചാബ് സ്റ്റേറ്റ് ലോറട്ടിയുടെ രാഖി ബമ്പര്‍ പ്രഖ്യാപിച്ചപ്പോഴുണ്ടായ ഞെട്ടലില്‍ നിന്ന് മനോജ് കുമാര്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. ഇങ്ങനെ ഒരു ഭാഗ്യം തേടി വരുമെന്ന് ഒരിക്കലും മനോജ് പ്രതീക്ഷിച്ചിരുന്നില്ല. ഇഷ്ടികക്കളത്തില്‍ ജോലി ചെയ്തിരുന്ന മനോജ് കുമാറിനു ദിവസക്കൂലിയായി കഷ്ടിച്ചു ലഭിച്ചിരുന്നത് 250 രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെ രാഖി ബമ്പര്‍ ലോട്ടറി ടിക്കറ്റെടുക്കണമെന്ന ആഗ്രഹം തോന്നിയെങ്കിലും കാശില്ലാത്തതു കൊണ്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീട് അയല്‍ക്കാരനില്‍ നിന്ന് 200 രൂപ കടം വാങ്ങി ലോട്ടറി ടിക്കറ്റ് വാങ്ങി. ഭാഗ്യദേവത മനോജിനൊപ്പമായിരുന്നു. ഒന്നര കോടി രൂപയുടെ ബമ്പര്‍ സമ്മാനം മനോജ് എടുത്ത ടിക്കറ്റിനാണ് ലഭിച്ചത്ഭാര്യയും നാല് മക്കളോടുമൊപ്പം താമസിക്കുന്ന മനോജിന് പട്ടിണി ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. കടം വാങ്ങിയവരെല്ലാം വീട്ടില്‍ വന്ന ബഹളമുണ്ടാക്കുന്ന അവസ്ഥയായിരുന്നു ഇതുവരെ. എന്നാല്‍, തന്‍റെ സാമ്പത്തിക ബുദ്ധിമുട്ടികളെല്ലാം ഒരു ഭാഗ്യക്കുറിയില്‍ അവസാനിച്ചതിന്‍റെ ആശ്വാസത്തിലാണ് മനോജ്.

ഒപ്പം ഭാര്യ രാജ് കൗറിനും ആശ്വാസം. പത്താം ക്ലാസില്‍ നിര്‍ത്തിയ മക്കളോട് പഠനം വീണ്ടും തുടരാന്‍ മനോജ് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിന്‍റെ പട്ടിണി മാറ്റാന്‍ മൂത്ത മൂന്ന് പെണ്‍മക്കളാണ് ജോലി തേടിയിറങ്ങിയത്.  പൊലീസുകാരികള്‍ ആകണമെന്നാണ് മക്കളുടെ ആഗ്രഹമെന്ന് മനോജ് തന്നെ പറയുന്നു. എന്നാല്‍, ഈ സൗഭാഗ്യങ്ങള്‍ക്കിടയില്‍ ഒരു സങ്കടം മാത്രമാണ് മനോജിനുള്ളത്. അടുത്ത കാലത്താണ് ശ്വാസതടസ സംബന്ധമായ അസുഖം മൂലം മനോജിന്‍റെ അച്ഛന്‍ മരണപ്പെട്ടത്.ചികിത്സയ്ക്കായി ഏറെ കഷ്ടപ്പെട്ടെങ്കിലും അച്ഛന്‍റെ രക്ഷിക്കാനായില്ല. അന്ന് ലോട്ടറി അടിച്ചിരുന്നെങ്കില്‍ തനിക്ക് അച്ഛന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് മനോജ് പറഞ്ഞു.ആഗസ്ത് 30നാണ് മനോജിന് ലോട്ടറി അടിച്ച കാര്യം പോസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരന്‍ അറിയിക്കുന്നത്. രണ്ട് മാസത്തിനകം ലോട്ടറി തുക ലഭിക്കും. ഇപ്പോള്‍ തന്നെ നല്ല കൃഷി സ്ഥലം തേടിയുള്ള അന്വേഷണത്തിലാണ് മനോജ് കുമാര്‍. ചില ബാങ്കുകാര്‍ തന്റെ വീടിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതായും മനോജ് പറഞ്ഞു. പുതിയൊരു വീട് വയ്ക്കുക, ബിസിനസ് തുടങ്ങുക ഇതൊക്കെയാണ് മനോജിന്റെ ആഗ്രഹങ്ങള്‍. തൊട്ടടുത്ത് താമസിക്കുന്ന മനോജിന്റെ മൂത്ത സോഹദരനെയും സാമ്പത്തികമായി സഹായിക്കുമെന്ന് ഭാര്യ രാജ് കൌര്‍ പറഞ്ഞു.

 

You might also like

-