കൊലപാതകക്കേസുകളിൽ പ്രതികളെ വെറുതെവിട്ട കോടതിവിധികളിൽ അപ്പീല്‍ നല്‍കുമെന്ന് ലോക്നാഥ് ബെഹ്റ.
നാല് കേസുകളിലെ പ്രതികളെ വെറുതെ വിട്ട ജില്ലാ കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകുക.
കാസര്‍കോട്: കാസർകോട്ടെ പ്രമാദമായ കൊലപാതകക്കേസുകളിൽ പ്രതികളെ വെറുതെവിട്ട കോടതിവിധികളിൽ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. നാല് കേസുകളിലെ പ്രതികളെ വെറുതെ വിട്ട ജില്ലാ കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകുക.
2006 മുതല്‍ 2018 വരെ കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ സ്വഭാവമുള്ള 12 കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ വിചാരണ പൂര്‍ത്തിയായ നാല് കേസുകളിലെയും പ്രതികളെ കോടതി വെറുതെ വിട്ടു. സാബിത്, സിനാൻ, ഉപേന്ദ്രൻ, റിഷാദ് വധക്കേസുകളിലെ പ്രതികളെയാണ് വിട്ടയച്ചത്. പൊലീസ് അന്വേഷണത്തിലും കുറ്റപത്രത്തിലും വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. ഈ സാഹചര്യത്തിലാണ് അപ്പീൽ നൽകാന്‍ തീരുമാനിച്ചതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
റിയാസ് മൗലവി വധക്കേസ് അടക്കം മറ്റു കേസുകളിൽ വിചാരണ പൂർത്തിയായിട്ടില്ല. ഈ കേസുകളിൽ വീഴ്ച വരുത്തരുതെന്നും ഡിജിപി നിർദേശം നൽകി. ഇതേ ആവശ്യം ഉന്നയിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നേരത്തെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.