ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപ്പിഡമിക് ആക്‌ട് പ്രകാരം കേസെടുക്കും
ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി എപ്പിഡമിക് ആക്‌ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി എപ്പിഡമിക് ആക്‌ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അനാവാശ്യമായി റോഡിലിറങ്ങുന്നതിനായി സത്യവാങ്മൂലം നല്‍കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന ആളുകളെ തിരിച്ചുവിടുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. നാളെ മുതല്‍ എപ്പിഡമിക് ആക്‌ട് പ്രകാരമുള്ള കേസെടുക്കാനാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ 22,338 കേസുകള്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങള്‍ പിടിച്ചെടുത്തതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡിലെ പരിശോധനയും നിയന്ത്രണവും കൂടുതല്‍ ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ റോഡുകളില്‍ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിസാരകാര്യങ്ങള്‍ക്ക് സത്യവാങ്മൂലം തയ്യാറാക്കി റോഡിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.