സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു
മാര്‍ച്ച് 24 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇത് കഴിച്ചതാവണം മരണകാരണമെന്നാണ് സൂചന.
പാലക്കാട്: സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമന്‍ കുട്ടിയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.മാര്‍ച്ച് 24 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇത് കഴിച്ചതാവണം മരണകാരണമെന്നാണ് സൂചന. മോഷണ കേസില്‍ ഫെബ്രുവരി 18 നാണ് ഇയാളെ റിമാന്റ് ചെയ്തത്.
അതേസമയം മദ്യശാലകള്‍ അടച്ചത് സാമൂഹിക വിപത്താകുമോയെന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യം ലഭിക്കാത്തത് കൊറോണയെക്കാള്‍ വലിയ പ്രശ്‌നമാകുമോ എന്നാണ് ആശങ്ക. മദ്യശാലകള്‍ അടച്ചത് പുതിയ പ്രശ്‌നത്തിന് ഇടയാക്കുമെന്നാണ് അവലോകനയോഗത്തില്‍ ബോധ്യപ്പെട്ടത്. പലരും ആശുപത്രികളില്‍ ചികിത്സ തേടുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചെന്നും മന്ത്രി പറഞ്ഞു. വളരെ ഗൗരവമേറിയ വിഷയമാണിതെന്ന് മന്ത്രി കടംകംപള്ളി വ്യക്തമാക്കി.
ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. അത്തരത്തില്‍ ഒരു തീരുമാനം നിലവില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. മറിച്ചൊരു ഉത്തരവുണ്ടാവുന്നതുവരെ ഈ സാഹചര്യം തുടരും. മദ്യത്തിന് ആസക്തിയുള്ളവര്‍ അതില്‍ നിന്ന് പിന്‍മാറുകയാണ് വേണ്ടത്. അതിനായി ഡീ അഡിക്ഷന്‍ സെന്ററുകള്‍ വര്‍ധിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും ചെയ്യും. അനധികൃത, വ്യാജമദ്യ വില്‍പനയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും തടയുമെന്നും അദ്ദേഹം പറഞ്ഞു.