കേരളം പരിപൂർണമായി അടച്ചിടണമെന്നു ഐ എം എ

അതിശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈകൊളളുകയും വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു

0

തിരുവനന്തപുരം: കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ സംസ്ഥാനം പരിപൂര്‍ണമായും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൂടാതെ മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുകയും വേണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
സമൂഹ വ്യാപനം മനസ്സിലാക്കുന്നതിനായി വ്യാപകമായി ടെസ്റ്റുകള്‍ നടത്തുകയും അതിന്റെ ഫലം അനുസരിച്ച്‌ അതിശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈകൊളളുകയും വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടര്‍മാരെ രണ്ടാം നിരയായി മാറ്റി നിര്‍ത്തിക്കൊണ്ട് പകര്‍ച്ചവ്യാധി വ്യാപകമായി പകരുന്ന അവസ്ഥയെ നേരിടുവാന്‍ നിലവില്‍ ഐഎംഎ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവയോട് ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനം പരിപൂര്‍ണ്ണമായി അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ എല്ലാവര്‍ക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എല്ലാ മുന്‍കരുതലുകളും എടുത്ത് യുക്തമായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്. ഡോ. എബ്രഹാം വര്‍ഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാറും ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

You might also like

-