‘സാല്‍വദോര്‍മുണ്ടി’ഡാവിഞ്ചിയുടെ അവസാന ചിത്രം 3500 കോടിക്ക് ലുവൈര്‍ മ്യൂസിയത്തിന്

0

അബുദാബി: ലോകോത്തര ഇറ്റാലിയന്‍ ചിത്രകാരന്‍ ലിയൊനാര്‍ഡോ ഡാവിഞ്ചിയുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘സാല്‍വദോര്‍മുണ്ടി’ അബുദാബിയിലെ ലുവൈര്‍ മ്യൂസിയത്തിന് ഇനി സ്വന്തം.
അഞ്ഞൂറുവര്‍ഷം പഴക്കമുള്ള ഈ ചിത്രം 3500 കോടിയോളം രൂപ നല്‍കി ലണ്ടനിലെ ക്രിസ്റ്റീസില്‍ നിന്നാണ് മ്യൂസിയം അധികൃതര്‍ ലേലത്തില്‍ പിടിച്ചത്. സെപ്റ്റംബര്‍ 18 മുതല്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഈ പെയിന്റിങ് ലുവൈര്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെയ്ക്കുമെന്ന് അബുദാബി സാംസ്‌കാരിക-ടൂറിസം വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലിഫ അല്‍ മുബാറക് അറിയിച്ചു. പല കൈകള്‍ മറിഞ്ഞ് ഏറെക്കാലമായി എവിടെയാണെന്നറിയാതെ അജ്ഞാതമായിരുന്ന ഈ വിശ്രുത ചിത്രം ലണ്ടനിലെ കലാവസ്തുക്കള്‍ ലേലത്തില്‍ വില്‍ക്കുന്ന ക്രിസ്റ്റീസ് വീണ്ടെടുക്കുകയായിരുന്നു. ഇനി ഈ ഡാവിഞ്ചിയന്‍ മാസ്റ്റര്‍പീസ് തങ്ങള്‍ ലോകത്തിനു സമര്‍പ്പിക്കുന്നുവെന്നാണ് അല്‍ മുബാറക് പറഞ്ഞത്.
ഇറ്റാലിയന്‍ നവോത്ഥാനകാലത്തെ വിശ്രുത ചിത്രകാരനായിരുന്ന ഡാവിഞ്ചിയുടെ അറിയപ്പെടുന്ന ഇരുപതോളം പെയിന്റിംഗുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. തന്റെ അവസാനത്തെ ഈ രചനയില്‍ അന്നത്തെ ചിത്രകലാസങ്കേതങ്ങളെയാകെ ഡാവിഞ്ചി തിരുത്തിക്കുറിക്കുകയായിരുന്നുവെന്നാണ് കലാവിമര്‍ശകരുടെ നിരീക്ഷണം. ലോകരക്ഷകനായ ക്രിസ്തുവിന്റെ അര്‍ദ്ധകായ ചിത്രമാണ് സാല്‍വദോര്‍മുണ്ടി എന്നാണ് കലാവിമര്‍ശകര്‍ പറയുന്നത്. വലംകയ്യിലെ വിരലുകളുയര്‍ത്തി ലോകത്തെ അനുഗ്രഹിക്കുന്ന സാല്‍വദോര്‍ മുണ്ടിയുടെ ഇടംകയ്യില്‍ ഭൂഗോളസമാനമായ ഒരു സ്ഫടികഗോളവുമുണ്ട്. വാല്‍നട്ട് തടി മാധ്യമമാക്കിയ ഈ എണ്ണച്ചായ ചിത്രം 1600 മുതല്‍ 1649 വരെ നാടുവാണ ചാള്‍സ് രാജാവിന്റെ നിധിശേഖരത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ചിത്രം നശിച്ചു പോയിരിക്കാമെന്നു കരുതിയിരിക്കുമ്പോഴാണ് 1909 ല്‍ വീണ്ടും വീണ്ടെടുക്കപ്പെട്ടത്. വീണ്ടും കാണാതായ ചിത്രത്തിനുവേണ്ടി നടന്ന തെരച്ചില്‍ കലാവസ്തുക്കളുടെ വീണ്ടെടുക്കല്‍ ചരിത്രത്തിലെ ഒരധ്യായമാവുകയായിരുന്നു. 2007 ല്‍ പിന്നെയും കണ്ടെത്തിയ ചിത്രം ക്രിസ്റ്റിസ് സ്വന്തമാക്കി വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനുവെച്ച ശേഷമാണ് ചരിത്രത്തിലെ ഏറ്റവം വലിയ തുകയ്ക്ക് അബുദാബി ലുവൈര്‍ മ്യൂസിയത്തിനു കൈമാറുന്നത്.

You might also like

-