ദേശീയ പൗരത്വനിയമ ഭേദഗതി ബില്ല് 19 ന് ഇടതുപാർട്ടികളുടെ ദേശീയ പ്രക്ഷോഭം

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതര ജനാധിപത്യ സ്വഭാവം ആർ‌എസ്‌എസിന്റെ രാഷ്ട്രീയ പദ്ധതിയായ “ഹിന്ദുത്വ രാഷ്ട്ര”ത്തിലേക്ക് മാറുന്നതിനാണ് ഇടയാക്കുക. ഈ സാഹചര്യത്തിൽ ഡിസംബർ 19 ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാൻ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

0

ഡൽഹി: ദേശീയ പൗരത്വനിയമ ഭേദഗതി (സിറ്റിസൺസ് അമന്റ്മെന്റ് ബിൽ – സിഎബി), ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ ഡിസംബർ 19ന് ഇടതുപാർട്ടികൾ ദേശീയ തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുവാൻ ഇടതുപാർട്ടികൾ ആഹ്വാനം ചെയ്തു. ഇരുസഭകളും പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയെ പൂർണ്ണമായും ലംഘിക്കുന്നതാണെന്നും റിപ്പബ്ലിക്കിന്റെ മതേതര – ജനാധിപത്യ അടിത്തറയെ തകർക്കുന്നതിന് ലക്ഷ്യം വച്ചുള്ളതാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം), ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ(എംഎൽ – ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, എഐഎഫ്ബി ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, മനോജ് ഭട്ടാചാര്യ (ആർഎസ്‌പി) എന്നിവർ സംയുക്തപ്രസ്താവനയിൽ പറഞ്ഞു. മതേതരത്വത്തിന് വിരുദ്ധമായി പൗരത്വം ഒരു വ്യക്തിയുടെ മതവുമായി ബന്ധപ്പെടുത്തുന്ന ബില്ലിനെ ശക്തമായി എതിർക്കുന്നുവെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മതവിഭാഗീയതയും സാമുദായിക ധ്രുവീകരണവും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യം വച്ചുള്ള നിയമം നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടകരമായ വെല്ലുവിളിയാണുയർത്തുന്നത്.

ബിജെപി സർക്കാർ പ്രഖ്യാപിച്ച ദേശീയ പൗരത്വ പട്ടിക രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നതിനുള്ള ദേശീയ പൗരത്വ ഭേദഗതി നിയമം പാസായതോടെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതര ജനാധിപത്യ സ്വഭാവം ആർ‌എസ്‌എസിന്റെ രാഷ്ട്രീയ പദ്ധതിയായ “ഹിന്ദുത്വ രാഷ്ട്ര”ത്തിലേക്ക് മാറുന്നതിനാണ് ഇടയാക്കുക. ഈ സാഹചര്യത്തിൽ ഡിസംബർ 19 ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാൻ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. ഈ ദിവസം, 1927 ഡിസംബർ 19 നാണ് സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യൻ ജനതയെ ഉത്തേജിപ്പിക്കുന്ന ദേശസ്നേഹപരമായ ആഹ്വാനം നൽകിയ രാം പ്രസാദ് ബിസ്മിൽ ഗോരഖ്പൂർ ജയിലിൽ തൂക്കിലേറ്റപ്പെട്ടത്. അദ്ദേഹത്തോടൊപ്പം കുറ്റം ചുമത്തപ്പെട്ട അഷ്‌ഫാക്കുല്ല ഖാനെ ഫൈസാബാദ് ജയിലിലും റോഷൻ സിംഗിനെ നെയ്‌നി ജയിലിലും തൂക്കിലേറ്റി. മതപരമായ ബന്ധം മറന്നുള്ള ഈ ഐക്യമാണ് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാൻ ഇന്ത്യക്ക് കരുത്തായത്. അതാണ് ഇപ്പോൾ ആർ‌എസ്‌എസ്-ബിജെപി സംഘം തകർക്കാൻ ശ്രമിക്കുന്നതെന്ന് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു

You might also like

-