ഇടതുമുന്നണി യോഗം ,എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇടതുമുന്നണിയിൽചർച്ചയാകും

അജിത്കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്

തിരുവനന്തപുരം | എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇടതുമുന്നണിയിൽ തന്നെ കടുത്ത അതൃപ്തി നിലനിൽക്കെ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം. അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. മലപ്പുറത്ത് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു.
അജിത്കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്. ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുകയും ടി പി രാമകൃഷ്ണനെ ഇടതുമുന്നണി കൺവീനറാക്കുകയും ചെയ്ത ശേഷമുള്ള അദ്യ യോഗമെന്ന പ്രത്യേകതയും ഇന്നത്തെ മുന്നണി യോഗത്തിന് ഉണ്ട്.

പൊലീസിൽ ഉന്നത തലത്തിൽ വീണ്ടും മാറ്റം വരുത്തി സർക്കാർ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. സിഎച്ച് നാഗരാജുവിനെ ഗതഗത കമ്മീഷണറായും ദക്ഷിണ മേഖലെ ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു. നിലവിൽ കൊച്ചി കമ്മീഷണർ ആണ് ശ്യാം സുന്ദർ. എ അക്ബർ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോഗസഥർക്കും മാറ്റം നൽകിയെങ്കിലും എഡിജിപി അജിത് കുമാറിന് മാത്രം മാറ്റമില്ല.അതിനിടെ, മലപ്പുറം പൊലീസിലും അഴിച്ച് പണി നടത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.

You might also like

-