കിഫക്കെതിരായ ഇടത് പ്രചാരണം , പരസ്യസംവാദത്തിന് വെല്ലുവിളിച്ച് കിഫ
കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നോട്ടീസുകൾ ഇറക്കുന്നതിന് പകരം താഴെ പറയുന്ന 6 വിഷയങ്ങളിൽ മറുപടി പറയാൻ എൽഡിഎഫ് നേതൃത്വം തയ്യാറാകണം:
ഇടുക്കി| പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി കിഫയ്‌ക്കെതിരെ (KIFA) ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, കാർഷിക വിഷയങ്ങളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പരസ്യസംവാദത്തിന് തയ്യാറാകണമെന്നും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു.കിഫ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെന്നും, പിരിവ് തട്ടിപ്പ് നടത്തുന്നുവെന്നുമുള്ള എൽഡിഎഫ് നേതാക്കളുടെ പ്രചരണം രാഷ്ട്രീയ പാപ്പരത്തമാണ്.
കർഷകരുടെ അവകാശങ്ങൾക്കായി സുപ്രീം കോടതിയിലടക്കം നടക്കുന്ന നിയമപോരാട്ടങ്ങൾക്കും കർഷകരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ആശയ പ്രചാരണത്തിനും ആണ് കർഷകർ പണം നൽകുന്നത്.കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നോട്ടീസുകൾ ഇറക്കുന്നതിന് പകരം താഴെ പറയുന്ന 6 വിഷയങ്ങളിൽ മറുപടി പറയാൻ എൽഡിഎഫ് നേതൃത്വം തയ്യാറാകണം:
1. സിഎച്ച്ആർ (CHR) വിഷയം: 2017 മുതൽ വനംവകുപ്പിന്റെ വാർഷിക റിപ്പോർട്ടുകളിൽ സിഎച്ച്ആർ വനമാണെന്ന് (2,10,503 ഏക്കർ) രേഖപ്പെടുത്തിയിരിക്കുന്നത് തിരുത്താൻ സർക്കാർ തയ്യാറുണ്ടോ? ഒരേ സർക്കാരിന്റെ വിവിധ വകുപ്പുകൾ കോടതിയിൽ വിരുദ്ധ റിപ്പോർട്ടുകൾ നൽകുന്നത് കർഷകരെ ദോഷകരമായി ബാധിക്കുന്നു.
2. നിർമ്മാണ നിരോധനം: 1964-ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കർഷകരിൽ നിന്ന് ഭീമമായ പിഴയും ഫീസും ഈടാക്കാനുള്ള നീക്കം ഉപേക്ഷിച്ച്, നിരുപാധികം നിർമ്മാണങ്ങൾ ക്രമവൽക്കരിക്കണം.
3. ചിന്നക്കനാൽ വനവൽക്കരണം: ചിന്നക്കനാലിലെ 301 കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ റിസർവ്വ് ഫോറസ്റ്റായി പ്രഖ്യാപിച്ച വിജ്ഞാപനം പൂർണ്ണമായും റദ്ദാക്കണം.
4. ഭൂരഹിതർക്കുള്ള ഭൂമി: ടാറ്റയിൽ നിന്ന് പിടിച്ചെടുത്തതടക്കം മാങ്കുളത്തും ഇരവികുളത്തും അനധികൃതമായി വനമാക്കി വെച്ചിരിക്കുന്ന ഭൂമി ഭൂരഹിതരായ കർഷകർക്കും തൊഴിലാളികൾക്കും വിതരണം ചെയ്യാൻ നടപടിയെടുക്കണം.
5. പട്ടയ പ്രശ്നം: റവന്യൂ രേഖകളിൽ ‘ഏലം’ എന്ന് തെറ്റായി രേഖപ്പെടുത്തിയതുമൂലം തോപ്രാംകുടി മേഖലയിലടക്കം ആയിരക്കണക്കിന് കർഷകർക്ക് പട്ടയം നിഷേധിക്കപ്പെടുന്ന സാഹചര്യം അടിയന്തിരമായി പരിഹരിക്കണം.
6. വന്യമൃഗശല്യം: വന്യമൃഗങ്ങളിൽ നിന്ന് ജീവൻ രക്ഷിക്കാൻ നടത്തുന്ന പ്രതിരോധത്തിന് കർഷകർക്കെതിരെ കേസെടുക്കില്ലെന്ന് (Section 11.2, Wildlife Protection Act) ഉറപ്പ് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.
വ്യക്തിഹത്യ നടത്തുന്നതിന് പകരം ഈ വിഷയങ്ങളിൽ കൃത്യമായ മറുപടി നൽകാനും കർഷകരുടെ ആശങ്കകൾ പരിഹരിക്കാനുമാണ് എൽഡിഎഫ് തയ്യാറാകേണ്ടതെന്ന് അലക്സ് ഒഴുകയിൽ പ്രസ്താവിച്ചു