പാലായിൽ എല്‍.ഡി.എഫ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്; മുഖ്യമന്ത്രി എത്തും
ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പങ്കെടുക്കുന്ന മണ്ഡലം കണ്‍വന്‍ഷനോടെ രണ്ടാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് എല്‍.ഡി.എഫ് കടക്കും
പാലാ :ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് വേഗം നല്‍കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലയില്‍ എത്തും. മണ്ഡല കണ്‍വെന്‍ഷനു പിന്നാലെ ബൂത്ത് തല കമ്മറ്റികള്‍ക്കും എല്‍.ഡി.എഫ് രൂപം നല്‍കിയിട്ടുണ്ട്.പഞ്ചായത്ത് തലകണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പങ്കെടുക്കുന്ന മണ്ഡലം കണ്‍വന്‍ഷനോടെ രണ്ടാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് എല്‍.ഡി.എഫ് കടക്കും. പ്രചാരണത്തിനായി ബൂത്ത് തല കമ്മറ്റികള്‍ക്കും രൂപം നല്‍കി. ബൂത്ത് തലത്തിലും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ തീരുമാനമായി. വീടുകള്‍ കയറിയുള്ള സ്ക്വാഡ് പ്രവര്‍ത്തനവും അടുത്ത ദിവസം ആരംഭിക്കും. സര്‍ക്കാരിന് ഒപ്പമുള്ള ജനപ്രതിനിധിയെന്നതില്‍ കേന്ദ്രീകരിച്ചാവും പ്രചരണം.
പ്രമുഖ വ്യക്തികളെയും മതമേലധ്യക്ഷന്‍മാരെയും കണ്ട് പിന്തുണ തേടിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ വാഹന പര്യടനത്തിന്റെ ഷെഡ്യൂളും എല്‍.ഡി.എഫ് അവലോകന യോഗത്തില്‍ തയ്യാറാക്കി
അതേസമയം നാമനിർദേശാ പത്രിക സമർപ്പിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കേരളാ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് രണ്ടില ചിഹ്നത്തിനായുള്ള തീവ്രപരിശ്രമത്തിലാണ് ജോസ് കെ. മാണി വിഭാഗം. യു.ഡി.എഫ് നേതൃത്വം ഇത് സംബന്ധിച്ച അന്തിമ ചർച്ചകള്‍ നടത്തിവരികയാണെന്ന് ഇരുവിഭാഗം നേതാക്കളും പ്രതികരിച്ചു.
പാലായില്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ച യു.ഡി.എഫ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസ് ചിഹ്നത്തിന്റെ കാര്യത്തില്‍ അവസാനവട്ട അനുരഞ്ജനശ്രമം തുടരുകയാണ്. രണ്ടില ചിഹ്നം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ. മാണി വിഭാഗവും സ്ഥാനാർഥി ജോസ് ടോമും. ഇതിനായി യു.ഡി.എഫ് നേതാക്കള്‍ ശ്രമം തുടരുകയാണെന്ന് ഇരുവിഭാഗം നേതാക്കളും പ്രതികരിച്ചു