ഭൂപതിവ് നിയമ ഭേദഗതി ,ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് പ്രത്യക്ഷ സമരത്തിലേക്ക്

കഴിഞ്ഞ ആറു പതിറ്റാണ്ടിലധികം കാലം എല്ലാവിധ അനുമതികളും വാങ്ങി നികുതിയടച്ച് ഉപയോഗിച്ച് വരുന്ന കെട്ടിടങ്ങൾ ആകെ നിയമവിരുദ്ധമാണെന്ന് വരുത്തി തീർത്ത് ഇനിയും വിവിധ നികുതികൾ പിരിച്ചെടുക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. 2023ലെ ഭൂ നിയമ ഭേദഗതിയിലൂടെ നിയമവിധേയമായി നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ ഇനിയും ക്രമവൽക്കരിക്കുമെന്നാണ് നിയമഭേദഗതിയിൽ തന്നെ പറയുന്നത്. പട്ടയാ ഭൂമിയിൽ എല്ലാവിധ അധികാരങ്ങളും നൽകുന്നതിനുവേണ്ടിയിട്ടുള്ള നിയമമല്ല മറിച്ച് ഇതൊരു ക്രമവൽക്കരണ നിയമം മാത്രമാണ്. വൻ ഉദ്യോഗസ്ഥ അഴിമതിയും കാലതാമസവും ജനങ്ങളെ വലയ്ക്കും എന്നുള്ള കാര്യത്തിൽ തർക്കമില്ല.

0

കട്ടപ്പന | സർവ്വസ്വാതന്ത്ര്യത്തോടുകൂടി പട്ടയഭൂമി ഉപയോഗിക്കുവാൻ കഴിയാത്ത സാഹചര്യമാണ് 2023ലെ നിയമഭേദഗതിയിലൂടെ ഉണ്ടാകുന്നതെങ്കിൽ വമ്പിച്ച സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് വാർത്ത കുറിപ്പിൽ അറിയിച്ചു.17- 10- 2023-ൽ ചെറുതോണി വ്യാപാര ഭവനിൽ ചേർന്ന ഇടുക്കി ജില്ലാ കൺവെൻഷൻ തീരുമാനിച്ചത് .
1960 ലെ പട്ടയ നിയമം സർവ്വസ്വാതന്ത്ര്യത്തോടുകൂടി ഭൂമി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഉണ്ടാക്കിയത് എങ്കിലും 1964ലെ ചട്ടം 4 അനുസരിച്ച് ഭൂമി പതിച്ചു കൊടുക്കുന്നത്
കൃഷി ക്കും വീടിനും മാത്രമാണ് എന്ന് വാദിച്ച് ഇടുക്കി ജില്ലയിൽ നിർമ്മാണ നിരോധനങ്ങൾ കൊണ്ടുവന്നത് 2016 ന് ശേഷമാണ്.
കഴിഞ്ഞ ആറു പതിറ്റാണ്ടിലധികം കാലം എല്ലാവിധ അനുമതികളും വാങ്ങി നികുതിയടച്ച് ഉപയോഗിച്ച് വരുന്ന കെട്ടിടങ്ങൾ ആകെ നിയമവിരുദ്ധമാണെന്ന് വരുത്തി തീർത്ത് ഇനിയും വിവിധ നികുതികൾ പിരിച്ചെടുക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. 2023ലെ ഭൂ നിയമ ഭേദഗതിയിലൂടെ നിയമവിധേയമായി നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ ഇനിയും ക്രമവൽക്കരിക്കുമെന്നാണ് നിയമഭേദഗതിയിൽ തന്നെ പറയുന്നത്. പട്ടയാ ഭൂമിയിൽ എല്ലാവിധ അധികാരങ്ങളും നൽകുന്നതിനുവേണ്ടിയിട്ടുള്ള നിയമമല്ല മറിച്ച് ഇതൊരു ക്രമവൽക്കരണ നിയമം മാത്രമാണ്. വൻ ഉദ്യോഗസ്ഥ അഴിമതിയും കാലതാമസവും ജനങ്ങളെ വലയ്ക്കും എന്നുള്ള കാര്യത്തിൽ തർക്കമില്ല.
ലക്ഷക്കണക്കായ കെട്ടിടങ്ങളുടെ ക്രമവൽക്കരണം പതിറ്റാണ്ടുകൾ നീണ്ടുപോയേക്കാം. ഇത് ബാങ്ക് വായ്പകളെയും പുതുക്കാനുള്ള ലൈസൻസുകളെയും പ്രതിസന്ധിയിൽ ആക്കുകയും വ്യാപാര മേഖല കഷ്ടത്തിലാവുകയും ചെയ്യും. കെട്ടിടങ്ങൾ വാങ്ങാനോ വിൽക്കാനോ കഴിയാത്ത സാഹചര്യവും വന്നേക്കാം.പട്ടയ ഭൂമിയിൽ പുതിയ നിർമ്മാണങ്ങൾ അനുവദിക്കുന്നത് സർക്കാരിന് ബോധ്യപ്പെട്ടാൽ മാത്രം എന്നാണ് നിയമ ഭേദഗതിയിൽ പറയുന്നത്. ബോധ്യപ്പെടുത്തൽ വലിയ അഴിമതിക്ക് കളമൊരുക്കുന്നു.
മാത്രവുമല്ല ഇത് തദ്ദേശ സ്വയംഭരണ വകുപ്പിലേക്കുള്ള റവന്യൂ വകുപ്പിന്റെ കടന്നുകയറ്റമാണ്.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ കെട്ടിട നിർമ്മാണ നിയമങ്ങളും ചട്ടങ്ങളും കേരളത്തിൽ നിലവിലുണ്ട്. അതനുസരിച്ചാണ് നിലവിൽ കെട്ടിട നിർമ്മാണങ്ങൾ നടക്കുന്നത്.
ഉപാധിരഹിത പട്ടയം എന്ന പ്രകടനപത്രിയിൽ പറഞ്ഞ സർക്കാരാണ് അഞ്ചുതരം നികുതികൾ അടിച്ചേൽപ്പിച്ചുകൊണ്ട്, പുതിയ ഉപാധികളുമായി വന്നിട്ടുള്ളത് എന്നത് ഖേദകരമാണ്.
ഇപ്പോൾ നൽകിയിട്ടുള്ള പട്ടയങ്ങൾ കൃഷിയ്ക്കും വീടിനും എന്ന് പറയുമ്പോൾ സർക്കാർ വാണിജ്യ നിർമ്മാണങ്ങൾക്ക് സാധ്യതയുള്ള ഭൂമിക്ക് കൂടുതൽ ന്യായവില പ്രഖ്യാപിച്ചിരിക്കുന്നതും ഭൂമി വാങ്ങുമ്പോഴും വിൽക്കുമ്പോഴും അതിനനുസരിച്ചുള്ള മുദ്ര വിലയും നികുതിയും ഈടാക്കുന്നതുംഈടാക്കുന്നതും എന്തിനെന്നുള്ള ചോദ്യവും ഉയരുന്നു.
ഈ നിയമ ഭേദഗതിയിലൂടെ വാണിജ്യനിർമ്മാണ സാധ്യതയുള്ള ഭൂമിയുടെ വിലയിടിയുക എന്നതാണ് സംഭവിക്കുക.
കാർഷികവൃത്തി ലാഭകരമല്ലാത്ത സാഹചര്യത്തിൽ ചെറുകിട വ്യാപാര വ്യവസായങ്ങൾ ആരംഭിക്കുന്നതിനും ടൂറിസം മേഖലയിലേക്ക് കടക്കുന്നതിനും ഉള്ള അവസരങ്ങൾ കൂടി കർഷകന് നിഷേധിക്കപ്പെടും.
നിയമഭേദഗതിയില്ലാതെ 1964ലെ ചട്ടം 4 മാത്രം വീടിനും കൃഷിയും എന്നതിന് പുറമേ മറ്റ് ആവശ്യങ്ങൾക്കും എന്ന ഒരു വാക്ക് ചേർത്ത് മുൻകാലപ്രാവില്യം കൊടുത്താൽ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാവുന്നതായിരുന്നു.
അതുതന്നെയാണ് 2019ലെ സർവ്വകക്ഷി യോഗവും ബഹുമാനപ്പെട്ട ഹൈക്കോടതിയും വിവിധ സംഘടനകളും ആവശ്യപ്പെട്ടത്.
എന്നാൽ ഏതോ കുബുദ്ധികളായ ഉദ്യോഗസ്ഥന്മാർ എഴുതിക്കൊടുത്തത് നിയമമാക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്.
വലിയതോതിൽ കാർബൺ പുറന്തള്ളുന്ന വ്യവസായശാലകൾക്ക് ചുമത്തുന്ന ഹരിത നികുതി ഇടുക്കി ജില്ലയിലെ കർഷകനും അടക്കേണ്ടി വരും എന്നാണ് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞത്. 55 ശതമാനം വനവും തങ്ങളുടെ കാർഷിക ഭൂമിയിൽ നട്ടുവളർത്തിയ വൃക്ഷങ്ങളിലൂടെ 80 ശതമാനം വൃക്ഷാവരണവും ഉള്ള ഇടുക്കിക്കാരൻ ഹരിത നികുതി അടയ്ക്കണം എന്നാണ് പറയുന്നത്.
ഇത് വൻതോതിൽ ഉള്ള വനവൽക്കരണത്തിനും ഇടുക്കി ജില്ലയിലെ ഈ മേഖലയിൽ നിന്ന് പുകച്ച് പുറത്തു ചാടിക്കുവാനുള്ള കൂടെ നീക്കവുമായി മാത്രമേ കാണാൻ കഴിയൂ.
ആയതിനാൽ ഭൂ നിയമ ഭേദഗതിയിൽ ജനങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരികയോ അതല്ലെങ്കിൽ നിയമഭേദഗതി പിൻവലിച്ചുകൊണ്ട് ചട്ടം 4 ഭേദഗതി ചെയ്തു പ്രശ്നപരിഹാരം ഉണ്ടാക്കുകയോ ആണ് സർക്കാർ ചെയ്യേണ്ടത്.
നിയമത്തിൽ പറയാത്ത ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ ചട്ടങ്ങൾക്ക് കഴിയില്ല എന്നാണ് ചട്ടം വരട്ടെ എന്ന് പറയുന്ന ഭരണകർത്താക്കളോട് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് പ്രവർത്തകർക്ക് പറയാനുള്ളത്.
ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ആവശ്യമായ മാറ്റങ്ങൾ നിയമഭേദഗതിയിൽ കൊണ്ടുവരാത്ത പക്ഷം 28 സംഘടനകളുടെ കൂട്ടായ്മയായ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് വൻ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പു നൽകുന്ന സ്വത്തവകാശം, സ്റ്റാമ്പ് ആക്ട്, ലിമിറ്റേഷൻ ആക്ട് തുടങ്ങിയ നിയമങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി നിയമ പോരാട്ടങ്ങളും ആരംഭിക്കും.ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കളായ സണ്ണി പൈമ്പിള്ളിൽ,റസാഖ് ചൂരവേലി,പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ,വി ബി രാജൻ.കെ ആർ വിനോദ്,നജീബ് ഇല്ലത്തു പറമ്പിൽ,പി എം ബേബിതുടങ്ങിയവർ അറിയിച്ചു

You might also like

-