കുട്ടനാട്ടില്‍ മഹാശുചീകരണം തുടങ്ങി; ഒന്നര ലക്ഷം പേരെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരും
പ്രളയം നാശം വിതച്ച കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രക്രിയകളില്‍ അരലക്ഷത്തിലധി..........
ആലപ്പുഴ : പ്രളയം നാശം വിതച്ച കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രക്രിയകളില്‍ അരലക്ഷത്തിലധികം പേര്‍ പങ്കാളികളാകും. മൂന്നു ദിവസത്തിനുള്ളില്‍ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ.തീരുമാനം
പ്രളയക്കെടുതിയില്‍ കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെട്ട കുട്ടനാട്ടിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ബൃഹത്തായ ശുചീകരണ യജ്ഞത്തിനാണ് ഇന്ന് തുടക്കമാകുന്നത്. കേരളംകണ്ട ഏറ്റവും വലിയ പുനരധിവാസ ക്യാമ്പയിനാണിത്.60,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹാശുചീകരണത്തിൽ പങ്കെടുക്കുന്നത് . പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായ ഒന്നര ലക്ഷം ആളുകളെ മൂന്ന് ദിവസം കൊണ്ട് പുനരധിവസിപ്പിക്കുക എന്ന ദൗത്യവുമായാണ് ശുചീകരണം ആരംഭിച്ചിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയില്‍ കര്‍ഷകത്തൊഴിലാളിയുടെ വീട് ശുചീകരിച്ചുകൊണ്ട് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. മൂന്ന് ദിവസം കൊണ്ട് പ്രളയത്തിലകപ്പെട്ട വീടുകളും പരിസരവും വൃത്തിയാക്കിയും അറ്റകുറ്റപ്പണികള്‍ നടത്തിയും മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ യജ്ഞമാണിത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണത്തിനായി കുട്ടനാട്ടില്‍ എത്തിയിട്ടുണ്ട്. 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളില്‍ ഉള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. അതിനുള്ള കര്‍മ്മപദ്ധതി പൂര്‍ത്തിയായി. 30ന് തിരിച്ച് വീടുകളിലേക്ക് പോകാവുന്നവരെ തിരിച്ചയയ്ക്കും. അല്ലാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് ഉദ്ദേശ്യം.
സംസ്ഥാനം കണ്ട ഏറ്റവും വലിയ പുനരധിവാസ കാമ്പയിനാണ്് കുട്ടനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രാഥമിക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. രക്ഷാദൗത്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ കരുത്തും അര്‍പ്പണബോധവും ആണ് കണ്ടതെങ്കില്‍ ഈ പുനരധിവാസ ദൗത്യത്തില്‍ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ കരുത്ത് കേരളം കാണാന്‍ പോകുകയാണെന്ന് തോമസ് ഐസക് ഫെയ്സ്ബുക്കില്‍ പറഞ്ഞിരുന്നു.
മൂന്ന് ദിവസങ്ങളിലായി
നടന്നുവരുന്ന ശുചികരണ പ്രവർത്തനങ്ങൾ 30-ന് സമാപിക്കു യജ്ഞത്തില്‍ ജില്ലയ്ക്കു പുറത്തു നിന്നുള്ള 5,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും. വിവിധ ഘട്ടങ്ങളായാണ് ശുചീകരണ യജ്ഞം നടത്തുക. ഇതിനായി വൈദഗ്ധ്യമുള്ളവര്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രവൃത്തികള്‍ ചെയ്യും. വെള്ളം വറ്റിക്കാന്‍ കേരളത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ പമ്പുകള്‍ എത്തിക്കും. കൂടെ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാങ്കേതിക വിദഗ്ധരേയും അയക്കും. തായ് ലാന്‍ഡില്‍ ഗുഹയില്‍ വെള്ളം കയറി കുട്ടികള്‍ അകപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച തരത്തിലുള്ള ഹെവി വാട്ടര്‍ പമ്പുകളാണ് കുട്ടനാട്ടില്‍ എത്തുക.
അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇലക്ട്രീഷന്‍, പ്ലംബര്‍, ആശാരിപ്പണിക്കാര്‍ ഉള്‍പ്പെടുന്ന സംഘം ഓരോ വാര്‍ഡിലുമുണ്ടാകും. വീടുകളിലെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ ഈ സംഘം നടത്തും. പ്രളയത്തില്‍ വീടുകളില്‍ കയറിയ പാമ്പുകളെ പിടിക്കാന്‍ പ്രത്യേകസംഘം ഉണ്ടാവും. ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് സംഘമെത്തുക.
കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ച വൊളന്റിയര്‍മാരും മറ്റു ജില്ലകളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സംഘത്തെ വിവരശേഖരണത്തിനായി നിയോഗിക്കും. ഓരോ വാര്‍ഡിലും മൂന്നുപേര്‍ വീതം ഇതിനായി പോകും. കുടിവെള്ളം, ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത എന്നിവ സംബന്ധിച്ച് സംഘം വിവരം നല്‍കും.