ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല കുമ്മനം രാജശേഖരന്‍
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കുമ്മനം രാജശേഖരന്‍ പിന്മാറി. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു
കൊച്ചി : ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കുമ്മനം രാജശേഖരന്‍ പിന്മാറി. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബുദ്ധിമുട്ട് പാര്‍ട്ടിയില്‍ അറിയിക്കും. ആര് മത്സരിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പുതിയ ആളുകൾ വരട്ടെയെന്നും കുമ്മനം രാജശേഖരൻ കൊച്ചിയില്‍ പറഞ്ഞു.അതേസമയം കുമ്മനം പിന്മാറിയതിനെ കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനായിരുന്നു ബി.ജെ.പി താത്പര്യപ്പെട്ടിരുന്നത്. കുമ്മനത്തിനാണ് പ്രാമുഖ്യമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് വ്യക്തമാക്കിയിരുന്നു.
വട്ടിയൂര്‍കാവില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച ബി.ജെ.പി, കുമ്മനത്തിനെ വീണ്ടും രംഗത്തിറക്കി മണ്ഡലം പിടിക്കാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടാണ് കുമ്മനം സ്വീകരിക്കുന്നത്.
ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വട്ടിയൂർക്കാവിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നത് സംബന്ധിച്ച് തീരുമാനുണ്ടായിരുന്നു. ഓരോ മണ്ഡലം സമിതി ഭാരവാഹിയോടും നേരിട്ടു ചോദിച്ചായിരുന്നു ജില്ലാ കമ്മിറ്റി അഭിപ്രായം തേടിയത്. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഉറപ്പിച്ചാല്‍ ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി വി രാജേഷ് എന്നിവര്‍ക്കായിരിക്കും സാധ്യത കൂടുതല്‍. 2011-ലും 2016-ലും ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവിലേത്. കോണ്‍ഗ്രസ്-സിപിഎം-ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ പോരാടുന്ന വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ രണ്ടുതവണയും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്‍റെ കെ മുരളീധരനാണ്.