മുനീറിനെയും കെ എം ഷാജിയേയും പരിഹസിച്ചു മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്

മുനീറിൻ്റെ ഉമ്മക്ക് മരണം വരെ 500 രൂപ (35 കൊല്ലം മുമ്പാണെന്ന് ഓർക്കണം). മുനീറിൻ്റെ വലിയുമ്മക്ക് മരണം വരെ 250 രൂപ. മുനീറിൻ്റെ പഠന ചെലവിനുള്ള മുഴുവൻ തുകയും അതിനു പുറമെ പോക്കറ്റ് മണി 100 രൂപ വേറെയും നൽകാൻ അന്നത്തെ സർക്കാർ തീരുമാനിച്ചു.

0
ലീഗ് നേതാക്കൾ മന്ത്രിച്ചൂതി ഉണ്ടാക്കിയിട്ടുള്ളതുമല്ല കേരളം!!!
……………………..………………
പൊതുഖജനാവിൽ നിന്ന് ലോകത്ത് തന്നെ ഏറ്റവും വലിയ ആനുകൂല്യം കിട്ടിയത് ആർക്കാണെന്ന് ചോദിച്ചാൽ അതിന് ഒരേഒരു ഉത്തരമേ ഉണ്ടാകൂ. ലീഗ് നേതാവ് മുനീർ. അദ്ദേഹത്തിൻ്റെ വന്ദ്യനായ പിതാവ് സി.എച്ച്. മുഹമ്മദ്കോയ സാഹിബ് ഉപമുഖ്യമന്ത്രിയായിരിക്കെ മരണപ്പെട്ടു. അതേതുടർന്ന് അന്നത്തെ UDF സർക്കാർ സി.എച്ചിൻ്റെ കുടുംബത്തെ ദത്തെടുത്തു. മുനീറിൻ്റെ ഉമ്മക്ക് മരണം വരെ 500 രൂപ (35 കൊല്ലം മുമ്പാണെന്ന് ഓർക്കണം). മുനീറിൻ്റെ വലിയുമ്മക്ക് മരണം വരെ 250 രൂപ. മുനീറിൻ്റെ പഠന ചെലവിനുള്ള മുഴുവൻ തുകയും അതിനു പുറമെ പോക്കറ്റ് മണി 100 രൂപ വേറെയും നൽകാൻ അന്നത്തെ സർക്കാർ തീരുമാനിച്ചു. മുനീർ അന്ന് പഠിച്ചിരുന്നത് ബാഗ്ലൂരിൽ സമ്പന്നരുടെയും രാഷ്ട്രീയ സ്വാധീനമുള്ളവരുടെയും മക്കൾ പഠിച്ചിരുന്ന ഒരു സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു. അവിടന്ന് അദ്ദേഹത്തെ കഴിവിൻ്റെയും മിടുക്കിൻ്റെയും അടിസ്ഥാനത്തിൽ മാത്രം പ്രവേശനം ലഭിക്കുന്ന കോഴിക്കോട് ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റാനും സർക്കാർ നിർദ്ദേശം നൽകി.

കേരളത്തിൽ മന്ത്രിമാരായിരിക്കെ പലരും മരണപ്പെട്ടിട്ടുണ്ട്. അവരുടെ കുടുംബങ്ങൾക്കൊന്നും ഇത്തരമൊരാനുകൂല്യം ലഭിച്ചതായി അറിവില്ല. സി.എച്ചിൻ്റെ കുടുംബത്തെക്കാൾ ദയനീയ സ്ഥിതിയിൽ ജീവിച്ചിരുന്ന കുടുംബങ്ങൾ പലതുമുണ്ടായിരുന്നിട്ട് പോലും. ലീഗിന് ഇത് പക്ഷേ തെറ്റായ കാര്യമായി തോന്നിയിട്ടില്ല. എന്നാൽ NCP യുടെ സംസ്ഥാന പ്രസിഡണ്ടും കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നർമ്മം തുളുമ്പുന്ന പ്രഭാഷകനായി വിരാജിച്ച് നിന്ന്, അകാലത്തിൽ കാലയവനികക്കുള്ളിൽ മറഞ്ഞ ഉഴവൂർ വിജയൻ്റെ, ജപ്തിയിലായിരുന്ന വീട് ബാദ്ധ്യതകൾ തീർത്ത് പ്രമാണം ബാങ്കിൽ നിന്ന് തിരിച്ചെടുത്ത് കൊടുക്കാൻ തീരുമാനിച്ച LDF സർക്കാരിൻ്റെ മാനുഷിക നടപടി ലീഗിന് മഹാപരാധമായി തോന്നിയത് എങ്ങിനെയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

ലീഗ്‌ നേതാവും മുൻ എം.എൽ.എ യുമായ കളത്തിൽ അബ്ദുള്ളയുടെ ചികിൽസക്കായി 20 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് LDF ഗവ: നൽകിയത് മുസ്ലിംലീഗിന് തീർത്തും ശരിയായ നടപടിയാണ്.
അതേ സമയം എം.എൽ.എ ആയിരിക്കെ മരണപ്പെട്ട രാമചന്ദ്രൻ നായരുടെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിന് സർക്കാർ കൈത്താങ്ങായത് അവർക്ക് ഹിമാലയൻ തെറ്റായാണ് അനുഭവപ്പെട്ടത്. ഇത്തരം കാര്യങ്ങളിലെങ്കിലും മുസ്ലിംലീഗിന് മതത്തിൻ്റെയും പാർട്ടിയുടെയും കണ്ണട ഇനിയെങ്കിലും മാറ്റിവെച്ചു കൂടെ? തികഞ്ഞ വർഗ്ഗീയ പ്രചരണം തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയതിന് ബഹുമാനപ്പെട്ട കേരള ഹൈകോടതി രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പ് അസാധുവാക്കി, ഇപ്പോൾ സുപ്രീംകോടതിയുടെ ദാക്ഷിണ്യത്തിൽ വോട്ടിംഗിന് പോലും അവകാശമില്ലാതെ സ്വന്തം ചെലവിൽ നിയമസഭയിൽ ഹാജരായി ചർച്ചയിൽ പങ്കെടുക്കാൻ മാത്രം അവകാശമുള്ള ലീഗ് നേതാവ് ഇങ്ങിനെയൊക്കെ ചിന്തിച്ചില്ലെങ്കിലല്ലേ അൽഭുതമുള്ളൂ.

പെരിയ ഇരട്ടക്കൊലക്കേസ് CBI ക്ക് വിടണമെന്ന കേസിൽ സർക്കാർ വക്കീൽ ഫീസ് നൽകിയത് (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നല്ല) ലീഗിന് ഹറാം!(നിഷിദ്ധം).
ഒൻപത് പേർ അറുകൊലചെയ്യപ്പെട്ട മാറാട് കലാപം CBl അന്വേഷിക്കണമെന്ന ഹർജിക്കെതിരെ UDF സർക്കാർ വക്കീലിനെ വെച്ച് ഫീസ് കൊടുത്ത് വാദിപ്പിച്ചത് ലീഗിന് ഹലാൽ!!(അനുവദനീയം)

നാദാപുരം തൂണേരിയിൽ ഷിബിൻ എന്ന ഇരുപതുകാരനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായീലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച ലീഗ് നടപടി വിശുദ്ധം! നാട്ടിലെ അയാളുടെ കുടുംബത്തിന് അക്രമിക്കപ്പെട്ട വീട് നന്നാക്കാൻ എന്ന പേരിൽ 17.5 ലക്ഷം സഹായം UDF മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചതും ലീഗിന് പവിത്രം!

ലീഗിൻ്റെ ഗുജറാത്ത് ഫണ്ട് പോലെയോ സുനാമി ഫണ്ട് പോലെയോ ആണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് ലീഗ് കരുതിയെങ്കിൽ അവരെ കുറ്റപ്പെടുത്താനാവില്ല.

കുഞ്ഞാലിക്കുട്ടി സാഹിബേ, ആവിഷ്കാര സ്വാതന്ത്യം പച്ചനുണ പറയലും മുതിർന്ന നേതാക്കളെപ്പോലും സഭ്യതയുടെ സർവ സീമകളും ലംഘിച്ച് അവഹേളിച്ച് സംസാരിക്കലുമല്ല. സ്വന്തം മുന്നണിയിലെ സീനിയർ ലീഡർപോലും ലീഗ് നേതാവിൻ്റെ ആവിഷ്കാര സ്വാതന്ത്യത്തിൽ അപമാനിതനാകുന്നത് താഴേ കൊടുത്തിട്ടുള്ള ഇമേജ് ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇതൊക്കെ ഒന്ന് നിയന്ത്രിച്ചാൽ ലീഗിൻ്റെ മുതിർന്ന നേതാക്കൾക്കു തന്നെ ഭാവിയിൽ ഗുണം ചെയ്തേക്കും.

You might also like

-