കെ ടി ജലീലിന്റെ പരാതി ,സ്വപ്ന സുരേഷിനും പിസിജോർജിനും എതിരെ പോലീസ് കേസെടുത്തു
കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. ഗൂഢാലോചന അന്വേഷിക്കണമെന്ന കെ ടി ജലീലിന്റെ പരാതിയിലാണ് കേസ്.153, 120 (ബി) വകുപ്പ് പ്രകാരമാണ് കേസ്.
തിരുവനന്തപുരം| നയതന്ത്ര ബാഗേജിലൂടെ കറൻസി കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം നടത്തിയ സ്വപ്ന സുരേഷിനും കേരള ജനപക്ഷം നേതാവ് പിസിജോർജിനും എതിരെ പോലീസ് കേസെടുത്തു. ഇരുവർക്കുമെതിരെ കേസെടുക്കാൻ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. ഗൂഢാലോചന അന്വേഷിക്കണമെന്ന കെ ടി ജലീലിന്റെ പരാതിയിലാണ് കേസ്.153, 120 (ബി) വകുപ്പ് പ്രകാരമാണ് കേസ്.
കഴിഞ്ഞ ദിവസം നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രൻ, നളിനി നെറ്റോ, മുൻമന്ത്രി കെ ടി ജലീൽ എന്നിവർക്കുള്ള പങ്ക് കോടതിയിൽ മൊഴിയായി നൽകിയെന്ന് സ്വപ്ന വെളിപ്പെടുത്തി.സംശയകരമായ സാഹചര്യത്തിൽ ബിരിയാണി ചെമ്പ് പാത്രം കോൺസൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന ആരോപിച്ചു.
ഇതിന് പിന്നാലെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജലീൽ കോടതിയെ സമീപിച്ചിരുന്നു.വെളിപ്പെടുത്തലിന് പിന്നിൽ പി.സി ജോർജിന്റെ പങ്കുൾപ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടിരുന്നു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെ ടി ജലീൽ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയതിൽ പങ്ക് വെളിപ്പെടുത്തിയാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തൽ.