“റബ്ബറിന്റെ വില പോയി വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ”തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ കെ ടി ജലീല്‍
30 വെള്ളികാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപയെന്നും കെ ടി ജലീല്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു
തിരുവനന്തപുരം | റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ കെ ടി ജലീല്‍ എംഎല്‍എ. ബിജെപി നല്‍കുന്ന റബ്ബറിന്റെ വില പോയി വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ ടി ജലീല്‍ ചോദിച്ചു. 30 വെള്ളികാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപയെന്നും കെ ടി ജലീല്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു.
റബ്ബറിന് വില ലഭിക്കുമെന്ന് പറഞ്ഞ് ബിജെപിക്ക് പിന്നാലെ പോയാല്‍ പോകുന്നവര്‍ പാഠം പഠിക്കുമെന്ന് എം വി ഗോവിന്ദനും അഭിപ്രായപ്പെട്ടു. മുന്‍ അനുഭവങ്ങള്‍ അങ്ങനെയാണ്. കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് വില കുറയാന്‍ കാരണം. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന കേരളത്തില്‍ വിഷം കലക്കാനാണ് ബിജെപിയുടെ ശ്രമമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് എംപിമാരില്ലാത്ത വിഷമം മലയോര കര്‍ഷകര്‍ മാറ്റിത്തരും എന്നായിരുന്നു ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന.
അതേസമയം കെ ടി ജലീല്‍ ഉയര്‍ത്തിയിരിക്കുന്നത് പച്ചയായ വധഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. നേരത്തെ പാലാ ബിഷപ്പിനോട് കാണിച്ച അതേസമീപനം തന്നെയാണ് ഇപ്പോള്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പിന് നേരേയും ഉണ്ടായിരിക്കുന്നത്. ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജലീലിനെ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.നേരത്തെ പോപ്പുലര്‍ ഫ്രണ്ട് ചെയ്ത അതേകാര്യം തന്നെയാണ് കെ ടി ജലീല്‍ ചെയ്തിരിക്കുന്നത്. ജലീല്‍ നേരത്തെ ഒരു തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചയാളാണ്. സിമിയുടെ നേതാവാണ്. പോപ്പുലര്‍ ഫ്രണ്ടിന്റേയും സിമിയുടേയും ആശയങ്ങളുമായി ബന്ധപ്പെട്ട നേതാവാണ് ജലീലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.