കെഎസ്ആർടിസി പ്രതിസന്ധി; ഇന്ന് മുതൽ ദിവസവേതനത്തിന് ഡ്രൈവർമാരെ നിയമിക്കാൻ തീരുമാനമായി
താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ട പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസിയുടെ ശ്രമം. ഇന്ന് മുതൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കും. വിരമിച്ചവർക്കാണ് മുൻഗണന, ഒപ്പം പിരിച്ചുവിട്ടവരേയും പരിഗണിക്കും. തിരക്കുള്ള ദിവസങ്ങളിൽ മാത്രമായിരിക്കും ദിവസക്കൂലിക്കാരുടെ സേവനം.

ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കാൻ സുപ്രിംകോടതിയുടെ അനുമതിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസിയുടെ പുതിയ നീക്കം. അവധിയിലുള്ള സ്ഥിര ജീവനക്കാർക്ക് പകരം ഓരോ ഡിപ്പോക്കും അതാത് ദിവസത്തേക്ക് മാത്രമായി താത്ക്കാലിക ഡ്രൈവർമാരെ വിളിക്കാം.
തിങ്കൾ വെള്ളി തുടങ്ങി തിരക്കുള്ള ദിവസങ്ങൾ നോക്കിയേ ആളെയെടുക്കാനാവു എന്നും നിർദേശമുണ്ട് . കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്കും മുൻഗണന നൽകും. പിരിച്ചുവിട്ട എംപാനലുകാരേയും ഉൾപ്പെടുത്തും. വേതനം അതാത് ദിവസം തന്നെ നൽകണം.
ദിവസവേതന അടിസ്ഥാനത്തിലാണെങ്കിലും തങ്ങളെ പരിഗണിക്കണമെന്ന് റാങ്ക് ലിസ്റ്റിലുള്ളവർ വാദിക്കാനിടയുള്ള സാഹചര്യത്തിൽ ഈ നിയമനവും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. എന്നാൽ, താത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഈ സംവിധാനമെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നു ദിവസമായി മൂന്നുകോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിക്കുണ്ടായത്. ഡ്രൈവർമാരുടെ കുറവ് കാരണം കെഎസ്ആർടിസി ഇന്നലെ 745 സർവീസുകൾ റദ്ദാക്കി.