കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്‌ഡ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിവാദ വ്യവസായത്തിന് ഇന്ധനം :ജനയുഗം
റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന് സംശയിക്കണം. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ലക്ഷ്യമെങ്കില്‍ അത് അനുവദിക്കാനാകില്ല.’ ധന വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് റെയ്‌ഡെന്നും സിപിഐ
തിരുവനന്തപുരം :കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രംജനയുഗം . റെയ്ഡ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിവാദ വ്യവസായത്തിന് ഇന്ധനം നല്‍കുന്ന സംഭവമെന്നാണ് പാര്‍ട്ടി മുഖപത്രത്തില്‍ വിമര്‍ശനം. ‘റെയ്ഡിലെ അനൗചിത്വം ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന് സംശയിക്കണം. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ലക്ഷ്യമെങ്കില്‍ അത് അനുവദിക്കാനാകില്ല.’ ധന വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് റെയ്‌ഡെന്നും സിപിഐ.ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് നടപടി. 40 ബ്രാഞ്ചുകളില്‍ പരിശോധന നടത്തിയതില്‍ 20 ബ്രാഞ്ചുകളില്‍ വ്യാപക ക്രമക്കേടെന്നാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇതിനു പുറമേ 10 ബ്രാഞ്ചുകളില്‍ ചെറിയ രീതിയിലുള്ള ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.കൊള്ള ചിട്ടിയാണ് പ്രധാനമായും വിജിലന്‍സ് സ്ഥിരീകരിക്കുന്ന ക്രമക്കേടുകളിലൊന്ന്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇടപാടുകളില്‍ വ്യക്തതയില്ലായ്മ കണ്ടെത്തിയത്. ഇതിനു പുറമേ പണം വകമാറ്റി ചെലവിട്ടുവെന്നത് സംബന്ധിച്ചും വിജിലന്‍സിന് തെളിവ് ലഭിച്ചിരുന്നു.
ജനയുഗം വാർത്ത
വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്ന റെയ്ഡ്
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ കൊടുമ്പിരികൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്നുനല്കുന്ന സംഭവമായി കെഎസ്എഫ്ഇയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ സംഘടിത റെയ്ഡ്. റെയ്ഡിലെ അനൗചിത്യം ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ ചൂണ്ടിക്കാണിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് അധികാരമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്നതും ഇടപാടുകാരുടെ വിശ്വാസ്യത ആര്‍ജിച്ചിട്ടുള്ളതുമായ പൊതുമേഖലാ ധനകാര്യ സ്ഥാപനത്തില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് സര്‍ക്കാരിലും പൊതുജനങ്ങള്‍ക്കിടയിലും ഞെട്ടല്‍ ഉളവാക്കിയതില്‍ അത്ഭുതമില്ല. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിന് വിധേയമാകുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎസ്എഫ്ഇ എന്നതുകൊണ്ടുതന്നെ റെയ്ഡിനെ തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്തകള്‍ നടപടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നു. പുറത്തുവന്ന, ചോര്‍ത്തി നല്കിയതെന്ന് കരുതപ്പെടുന്ന, വാര്‍ത്തയുടെ നിജസ്ഥിതി എന്തെന്ന് അറിയാന്‍ ഇടപാടുകാര്‍ക്ക് അവകാശവും പൊതുജനങ്ങള്‍ക്ക് താല്പര്യവുമുണ്ട്. സംഭവത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ആഭ്യന്തര ഓഡിറ്റ്, വാര്‍ത്തകള്‍ സൃഷ്ടിച്ച ദുരൂഹതയ്ക്ക് അറുതിവരുത്തുമെന്നും ഇടപാടുകാരുടെ ആശങ്കകള്‍ ദുരീകരിക്കുമെന്നും പ്രതീക്ഷിക്കാം.