പ്രളയക്കെടുതി കെടുതിയുടെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബിയുടെ അടിയന്തര സുരക്ഷാ മുന്നറിപ്പ്
പൊതുജനങ്ങള്‍ താഴെപറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
തിരുവനതപുരം പ്രളയക്കെടുതി നേരിട്ട സാഹചര്യത്തില്‍ വൈദ്യുത ഉപകരണങ്ങള്‍ കേടുവന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്ഇബി പൊതുജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കി.വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിംഗ്, എനര്‍ജി മീറ്റര്‍, ഇഎല്‍സിബി, എംസിബി, സ്വിച്ചുകള്‍, പ്ലഗ്ഗുകള്‍ തുടങ്ങിയവയില്‍ വെള്ളവും ചെളിയും കയറാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി പ്രവഹിപ്പിക്കുമ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ താഴെപറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
1) വൈദ്യുതി ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരുന്നതിനാല്‍ ഏതുസമയത്തും ചാര്‍ജ് ചെയ്യാന്‍ സാധ്യതയുണ്ട്. വീടിന്റെ പരിസരത്ത് സര്‍വീസ് വയര്‍/ലൈന്‍ കമ്പി / എര്‍ത്ത് കമ്പി ഇവ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ കണ്ടാല്‍ അതില്‍ സ്പര്‍ശിക്കരുത്. ഇക്കാര്യം ഉടന്‍ കെഎസ്ഇബി ഓഫീസിലോ 9496061061 എന്ന നമ്പരിലോ അറിയിക്കണം.
2) മീറ്റര്‍ ബോക്‌സില്‍ എനര്‍ജി മീറ്ററിനോട് ചേര്‍ന്നുള്ള ഫ്യൂസുകള്‍ ഊരിമാറ്റി മെയിന്‍ സ്വിച്ച്/ഇഎല്‍സിബി ഓഫ് ചെയ്ത ശേഷം മാത്രമേ വീട് ശുചീകരണം ആരംഭിക്കാവൂ. അതോടൊപ്പം ഇന്‍വര്‍ട്ടര്‍/സോളാര്‍ സിസ്റ്റം ഉള്ളവര്‍ അത് ഓഫ് ചെയ്ത് ബാറ്ററി കണക്ഷന്‍ വിച്ഛേദിക്കണം.
3) സുരക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജെസിബി പോലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴോ മഴവെള്ളപ്പാച്ചിലിലോ എര്‍ത്തിംഗ് സംവിധാനത്തിന് കേട് പറ്റാന്‍ സാധ്യതയുണ്ട്. വീടുകളിലെയും സ്ഥാപനങ്ങളിലെയും എര്‍ത്ത് ഇലക്‌ട്രോഡിന്റെ സ്ഥിതി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.
4) വീടുകളിലും സ്ഥാപനങ്ങളിലും വച്ചിട്ടുള്ള വൈദ്യുതി പാനലുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ ചെളിയോ നനവോ ഇല്ലാത്തവിധം പാനലുകള്‍ വൃത്തിയാക്കി ഇന്‍സുലേഷന്‍ റസിസ്റ്റന്റ് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ഇന്‍സുലേഷന്‍ റസിസ്റ്റന്റ് പരിശോധിക്കുവാന്‍ വയര്‍മാന്റെ സേവനം ഉപയോഗിക്കണം. വെള്ളം ഇറങ്ങിയാലും ചിലപ്പോള്‍ കണ്‍സീല്‍ഡ് അല്ലാതെയുള്ള പൈപ്പിനുള്ളില്‍ വെള്ളം നില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഷോര്‍ട്ട്‌സര്‍ക്യൂട്ട് ആകാന്‍ സാധ്യതയുണ്ട്.
5) പാനലുകളിലെ എനര്‍ജി മീറ്റര്‍, എംസിബി, എംസിസിബി എന്നിവയില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ പറ്റാത്ത പക്ഷം അവ മാറ്റി സ്ഥാപിക്കണം.
6) എച്റ്റി/എല്‍റ്റി കേബിളുകള്‍ വഴി വൈദ്യുതി എത്തുന്ന വീടുകളില്‍ കേബിളുകള്‍ക്ക് കേടുപാടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. എല്‍റ്റി കേബിളുകള്‍ 500 വോള്‍ട്ട് ഇന്‍സുലേഷന്‍ ടെസ്റ്റര്‍ ഉപയോഗിച്ചും എച്ച്റ്റി കേബിളുകള്‍ 5000 വോള്‍ട്ട് ഇന്‍സുലേഷന്‍ ടെസ്റ്റര്‍ ഉപയോഗിച്ചും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം.
7) സബ് പാനല്‍, ഡിബി എന്നിവ ഓഫ് ചെയ്തതിന് ശേഷമേ മെയിന്‍സ്വിച്ച് ഓണ്‍ ചെയ്യാന്‍ പാടുള്ളൂ. ഇതിന് ശേഷം ഡിബിയിലെ ഇഎല്‍സിബി ഓണ്‍ ചെയ്ത് ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി ഇതിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. ഇഎല്‍സിബി പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ഓരോരോ എംസിബികളായി ഓണ്‍ ചെയ്യണം.
8) വെള്ളത്തില്‍ മുങ്ങിയ വൈദ്യുതി ഉപകരണങ്ങള്‍ പ്ലഗ്ഗില്‍ ഘടിപ്പിക്കുന്നതിന് മുമ്പ് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം.
9) ഇ.എല്‍.സി.ബി പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ അത് ബൈപാസ് ചെയ്ത് വൈദ്യതി കടത്തിവിടാന്‍ ശ്രമിക്കരുത്.10) പ്രാദേശിക ഭരണകൂടങ്ങളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ വീടുകളുടെ ശുചീകരണം നടക്കുമ്പോള്‍ ആ ടീമില്‍ വയറിംഗില്‍ പരിചയമുള്ളവരെയും ഉള്‍ക്കൊള്ളിക്കണം.
11) ഇഎല്‍സിബി പ്രവര്‍ത്തനക്ഷമമല്ലെങ്കിലോ പുതിയവ വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലോ പ്രളയത്താല്‍ ദുരിതം അനുഭവിച്ച ജനങ്ങള്‍ക്ക് അത്യാവശ്യം വെളിച്ചം നല്‍കാനുള്ള സൗകര്യം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും.