മോദി അനുകൂല പ്രസ്താവന നടത്തിയതിന് ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും
തരൂര്‍ പ്രസ്താവന തിരുത്താത്തതില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. തരൂരിന്റെ മറുപടി ലഭിച്ചാലുടന്‍ ഹൈകമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.
മോദി അനുകൂല പ്രസ്താവന നടത്തിയതിന് ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും. തരൂര്‍ പ്രസ്താവന തിരുത്താത്തതില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. തരൂരിന്റെ മറുപടി ലഭിച്ചാലുടന്‍ ഹൈകമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.
മോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണമെന്നും എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മളെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നുമാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. മോദി ചെയ്ത ചില കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. അദ്ദേഹം ബി.ജെ.പിയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. കുറ്റംപറയാന്‍ നിരവധി കാര്യങ്ങളുണ്ട് എന്നിരിക്കെ തന്നെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കുകയും വേണം. 100ല്‍ 99 തെറ്റുകള്‍ ചെയ്താലും ഒരു ശരിയുണ്ടെങ്കില്‍ അത് പറഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നമ്മുടെ വിശ്വാസ്യത ചോദ്യം ചെയ്യുമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ജയറാം രമേശും അഭിഷേക് സിങ്വിയും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി. ആര് പറഞ്ഞാലും മോദിയുടെ ദുഷ്ടചെയ്തികൾ മറച്ചു വെയ്ക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനങ്ങൾക്ക് പൊതുവെ അസ്വീകാര്യമായ നിലപാട് ആണ് മോദി പിന്തുടരുന്നത്. ആയിരം തെറ്റുകള്‍ക്ക് ശേഷം ഒരു ശരി ചെയ്തെന്ന് പറഞ്ഞ് ഉയര്‍ത്തിപ്പിടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.