കോവാക്സിൻ പരീക്ഷണത്തിന് വിധേയനായ ആൾ മരിച്ചത് ഹൃദയ തകരാർകൊണ്ട് ?

നാല്‍പ്പത്തിയേഴുകാരനായ ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്.

0

ഡൽഹി: കോവാക്സിൻ പരീക്ഷണത്തിന് വിധേയനായ ആൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഭാരത് ബയോടെക്ക്. വാക്സിൻ സ്വീകരിച്ചതുമായി മരണത്തിന് ബന്ധമില്ലെന്നും ഹൃദയ തകരാർ കൊണ്ടാണ് മരണമെന്നുംഭാരത് ബയോടെക്ക് പ്രസ്താവനയിൽ പറഞ്ഞു.സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നാല്‍പ്പത്തിയേഴുകാരനായ ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബര്‍ 12നാണ് ഇയാള്‍ വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്തത്. പത്ത് ദിവസത്തിന് ശേഷം 21നായിരുന്നു മരണം.

ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ് മോർട്ടത്തിൽ നിന്ന് മനസ്സിലാകുന്നത് വിഷബാധ മൂലമുള്ള ഹൃദയ തകരാർ മൂലമാകാം മരണം സംഭവിച്ചത് എന്നാണ്. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നുവരികയാണ്, ഭാരത് ബയോടെക്കിന്റെ പ്രസ്താവനയിൽ പറയുന്നു.

വാക്സിൻ സ്വീകരിച്ച് ഒമ്പത് ദിവസത്തിനു ശേഷമാണ് മരണമുണ്ടായത്.വാക്സിൻ പരീക്ഷണവുമായി മരണത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക വിലയിരുത്തലുകളിൽനിന്ന് വ്യക്തമാകുന്നത്. മാത്രമല്ല, മരിച്ചയാൾ സ്വീകരിച്ചത് വാക്സിൻ ആണോ, പ്ലസിബോ (മരുന്നെന്ന പേരിൽ നൽകുന്ന മരുന്നല്ലാത്ത വസ്തു) ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

വാക്സിൻ സ്വീകരിച്ച വ്യക്തി മരിച്ചത് ഡിസംബർ 21ന് ആണ്. കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇദ്ദേഹം പങ്കെടുത്തത്. വാക്സിൻ സ്വീകരിക്കുന്ന സമയത്ത് ഇദ്ദേഹം എല്ലാവിധ ആരോഗ്യപരിശോധനയിലും വിജയിച്ചിരുന്നു. വാക്സിൻ കുത്തിവെച്ചതിനു ശേഷം നടപടിക്രമം അനുസരിച്ച് ഏഴ് ദിവസം നടത്തിയ പരിശോധനകളിൽ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കുന്നു.

ജനുവരി മൂന്നിന് ഭാരത് ബയോടെക്കിന്റെ കോവാക്സിനും ഓക്സ്‌ഫഡ്-ആസ്ട്രസെനക വാക്സിനായ കോവിഷീൽഡിനും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ, കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ലെന്നും അതിനു മുൻപ് അനുമതി നൽകിയത് അശാസ്ത്രീയമാണെന്നും ആരോപണങ്ങൾ ഉയരുകയും ചെയ്തിരുന്നു.

You might also like

-