പ്രോട്ടോകോൾ മാറ്റി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാം
വാക്സിനേഷന്റെ പാർശ്വഫലങ്ങൾ പഠിക്കാൻ ദേശീയവേദി രൂപവത്കരിക്കണമെന്നും എൻ.ടി.ജി.ഐ. ആവശ്യപ്പെട്ടു. പൂർണമായും ഭാഗികമായും കുത്തിവെച്ചവരിലുണ്ടായിട്ടുള്ള പാർശ്വഫലങ്ങൾ പഠിക്കണം
ഡൽഹി: ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്സിൻ നൽകാമെന്ന് ദേശീയ സാങ്കേതിക-ഉപദേശക സമിതി (എൻ.ടി.ജി. ഐ.) ശുപാർശചെയ്തു. ഏതു വാക്സിൻ വേണമെന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശം ഗർഭിണികൾക്ക് നൽകണം. മുലയൂട്ടുന്ന അമ്മമാർക്ക് എപ്പോൾ വേണമെങ്കിലും വാക്സിൻ സ്വീകരിക്കാം.
ഗർഭിണികളും മുലയൂട്ടുന്നവരും വാക്സിനെടുക്കേണ്ടതില്ലെന്നാണ് നിലവിലുള്ള പ്രോട്ടോകോൾ. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും കോവിഡ് വാക്സിൻ എടുക്കുന്നതിന്റെ ഗുണഫലങ്ങളും പാർശ്വഫലങ്ങളും കൃത്യമായി ബോധ്യപ്പെടുത്തണം.
വാക്സിനേഷന്റെ പാർശ്വഫലങ്ങൾ പഠിക്കാൻ ദേശീയവേദി രൂപവത്കരിക്കണമെന്നും എൻ.ടി.ജി.ഐ. ആവശ്യപ്പെട്ടു. പൂർണമായും ഭാഗികമായും കുത്തിവെച്ചവരിലുണ്ടായിട്ടുള്ള പാർശ്വഫലങ്ങൾ പഠിക്കണം. ദേശീയവേദി രൂപവത്കരിക്കുന്നതിനുള്ള ശുപാർശ വാക്സിൻ നിയന്ത്രണത്തിനായുള്ള ദേശീയ വിദഗ്ധ സംഘം (എൻ.ഇ.ജി.) അംഗീകരിച്ചതായി അതിന്റെ മേധാവി ഡോ. എൻ.കെ. അറോറയും ആരോഗ്യമന്ത്രാലയും വ്യക്തമാക്കി. വാക്സിനുകളുടെ ഇടവേള നീട്ടിയാലുണ്ടാകുന്ന പ്രശ്നങ്ങളും സമിതി പഠിക്കും
എൻ.ടി.ജി.ഐ.യുടെ മറ്റു നിർദേശങ്ങൾ:
കോവിഡ് ഭേദമായവർ ആറുമാസത്തേക്ക് വാക്സിൻ എടുക്കേണ്ടതില്ല. (കോവിഡ് ഭേദമായി നാലുമുതൽ എട്ടാഴ്ചയ്ക്കു ശേഷം വാക്സിനെടുത്താൽ മതിയെന്നാണ് നിലവിലെ നിയമം).
ആന്റിബോഡി-പ്ലാസ്മ ചികിത്സയ്ക്കു വിധേയമായർ ആശുപത്രി വിട്ട് മൂന്നുമാസം കഴിഞ്ഞ് വാക്സിനെടുത്താൽ മതി.മറ്റു ഗുരുതര അസുഖമുള്ളവരും ആശുപത്രി വാസത്തിനുശേഷം 4-8 ആഴ്ച കഴിഞ്ഞ് കുത്തിവെപ്പെടുത്താൽ മതി