രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍110716 പേര്‍ക്ക് കൊവിഡ്
24 മണിക്കൂറിനുള്ളില്‍ 630 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ഡൽഹി :രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിത്തു. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി. 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം, ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘങ്ങളെത്തും.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും വലിയ പ്രതിദിന വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് വ്യാപനത്തില്‍ അടുത്ത നാല് അഴ്ച നിര്‍ണ്ണായകമാണെന്ന് കേന്ദ്രസർക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആളുകള്‍ക്കിടയില്‍ വന്ന ഗുരുതര വീഴ്ചയാണ് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ, കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിറക്കി. ദില്ലിയിൽ പൊതുയിടങ്ങളിലെല്ലാം മാസ്ക് നിർബന്ധമാക്കി. മാസ്ക് സുരക്ഷാ കവചമെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി. വീട്ടിൽ മുതിർന്ന പൗരന്മാർ ഉണ്ടെങ്കിൽ മറ്റുള്ളവർ വീടിനകത്തും മാസ്ക് ധരിക്കണമെന്ന് കോടതി. തനിച്ച് കാറോടിച്ച് പോകുന്നവർക്കും മാസ്ക് നിർബന്ധമാണ്. മാസ്ക് ഇല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങരുതെന്നും കോടതി നിർദ്ദേശിച്ചു.