നിരപരാധിയാണെന്ന് ഫാ. തോമസ് എം. കോട്ടൂര്‍ പ്രതികരിക്കാതെ സ്റ്റെഫി
കോടതി വിധിയില്‍ ഒന്നും പറയാനില്ല. ദൈവം കൂടെയുണ്ട്. കുറ്റം ചെയ്തിട്ടില്ല. നിരപരാധിയാണ്
തിരുവനന്തപുരം :അഭയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി ഫാ. തോമസ് എം. കോട്ടൂര്‍. സിബിഐ കോടതി കുറ്റക്കാരാണെന്ന് വിധിച്ചശേഷം ആരോഗ്യപരിശോധനകള്‍ക്കായി എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫാ. തോമസ് എം. കോട്ടൂര്‍. കോടതി വിധിയില്‍ ഒന്നും പറയാനില്ല. ദൈവം കൂടെയുണ്ട്. കുറ്റം ചെയ്തിട്ടില്ല. നിരപരാധിയാണ്. ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. മേല്‍ക്കോടതിയെ സമീപിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഫാ. തോമസ് എം. കോട്ടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നാണ് സിബിഐ കോടതി വിധിച്ചത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സാക്ഷിമൊഴികള്‍ വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ഐപിസി 302, ഐപിസി 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.
ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. ഒരു കൊലപാതകം ആത്മഹത്യയാക്കി തീർക്കാൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിത നീക്കമായിരുന്നു തുടക്കം മുതലുണ്ടായത്. അഭയയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിൻ തിരുത്തൽ വരുത്തി. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആർഡിഒ കോടതിയിൽ നൽകിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചു.
സ്വാധീനങ്ങള്‍ക്ക് മുന്നിൽ പൊലീസ് മുട്ടുകുത്തിയപ്പോള്‍ തോമസ് ഐക്കരകുന്നേലെന്ന കർഷകനായ അഭയയുടെ അച്ഛനും അമ്മ ലീലാമ്മക്കുമൊപ്പം ഒരു കൂട്ടമാൾക്കാർ പിന്തുണയുമായെത്തി. ജനകീയ സമരം ശക്തമായപ്പോൾ പണത്തിനും സ്വാധീനത്തിനും മേൽ നീതിയുടെ വെള്ളിവെളിച്ചം കണ്ടു തുടങ്ങി. കേസ് സർക്കാർ സബിഐക്ക് വിട്ടു. രണ്ടാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിസ്റ്റർ അഭയ മരിക്കുന്നത്. ക്രൈംബ്രാഞ്ച് മാറി സിബിഐ വന്നിട്ടും ആദ്യഘട്ടത്തിൽ അട്ടിമറി ശ്രമം തുടർന്നു. സിബിഐ എസ്പിയായിരുന്ന ത്യാഗരാജൻ കേസ് അട്ടിമറിക്കാൻ സമ്മർദം ചെലുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസിന്‍റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി.
ത്യാഗരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഭയ ആക്ഷൻ കൗണ്‍സിൽ ചെയർമാൻ ജോമോൻ പുത്തൻ പുരയ്ക്കൽ നൽകിയ ഹർജിയിൽ നിന്നാണ് കോടതി ഇടപെൽ തുടങ്ങുന്നത്. ത്യാഗരാജനെ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അഭയയുടേത് കൊലപാതകമാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് മൂന്നു പ്രാവശ്യമാണ് എറണാകുളം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്. മൂന്നു റിപ്പോർട്ടുകളും കോടതി തള്ളി.
28 വർഷത്തിനിടെ 16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ഇതിനിടെ അന്വേഷണ സംഘങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കേന്ദ്ര സർക്കാരിനും സിബിഐ ഡയറക്ടർക്കും ലഭിച്ചു. ഒടുവിൽ ഫാ.തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ നാർക്കോപരിശോധന ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാനതെളിവ്. ഈ മൂന്നു പ്രതികളെ കൂടാതെ എഎസ്ഐ അഗസ്ത്യനെയും പ്രതിയാക്കി. കുറ്റപത്രം നൽകുന്നതിന് മുമ്പേ എഎസ്ഐ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു.
കേസ് അട്ടിമറിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തൻപുരയ്ക്കൽ കോടതിയെ സമീപിച്ചു. ഡിവൈഎസ്പി സാമുവലിനെയും, എസ്പി കെടി.മൈക്കളിനെയും പ്രതിയാക്കി. വിചാരണ തുടങ്ങും മുമ്പേ സാമുവൽ മരിച്ചു. വിടുതൽ ഹർജി പരിഗണിച്ച് ഫാ.ജോസ് പുതൃക്കയിലിനെയും കെ ടി മൈക്കളിനെയും കോടതി ഒഴിവാക്കി. വീണ്ടും പല കാരണങ്ങള്‍ പറഞ്ഞ് വിചാരണ ഒഴിവാക്കാൻ പ്രതികള്‍ ശ്രമിച്ചു. ഒടുവിൽ സുപ്രീംകോടതി നിർദേശ പ്രകാരം തിരുവനന്തപുരം കോടതിയിൽ വിചാരണ ആരംഭിച്ചു. വീണ്ടും അട്ടിമറി നടന്നു. രഹസ്യമൊഴി നൽകിയ സാക്ഷി ഉൾപ്പെടെ 8 സാക്ഷികള്‍ കൂറുമാറി. അഭയ മരിച്ച് 28 വർഷവും എട്ട് മാസവും പിന്നിടുമ്പോഴാണ് കേസിൽ വിധി വരുന്നത്.