കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്ര. ബുദ്ധിമുട്ടിലായി പൊതുജനം
ബാക്കി 39 പേര്‍ ഇന്ന് ഓഫീസിലെത്തിയിട്ടില്ല. തഹസില്‍ദാറുടെ നേതൃത്വത്തില്‍ വിനോദയാത്രയ്ക്ക് പോയിരിക്കുകയാണ് എന്നാണ് തനിക്ക് കിട്ടിയ വിവരം. രണ്ടാം ശനിയാഴ്ചയും, ഞായറാഴ്ചയും കൂടി കണക്കിലെടുത്ത് മൂന്നു ദിവസത്തെ ടൂറിന് പോയതായിട്ടാണ് അറിഞ്ഞതെന്നും ജനീഷ് കുമാര്‍ പറഞ്ഞു
പത്തനംതിട്ട | കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി. താലൂക്ക് ഓഫീസിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരാണ് വിനോദയാത്രയ്ക്ക് പോയത്. മൂന്നാറിലേക്കാണ് ഇവര്‍ പോയത്. ഇതേത്തുടര്‍ന്ന് ഓഫീസിലെത്തിയ ജനങ്ങള്‍ ബുദ്ധിമുട്ടി.സംഭവമറിഞ്ഞ് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ താലൂക്ക് ഓഫീസിലെത്തി. താലൂക്ക് ഓഫീസില്‍ 60 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 21 പേരാണ് ഇന്ന് ഒപ്പിട്ടിട്ടുള്ളതെന്ന് ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
ബാക്കി 39 പേര്‍ ഇന്ന് ഓഫീസിലെത്തിയിട്ടില്ല. തഹസില്‍ദാറുടെ നേതൃത്വത്തില്‍ വിനോദയാത്രയ്ക്ക് പോയിരിക്കുകയാണ് എന്നാണ് തനിക്ക് കിട്ടിയ വിവരം. രണ്ടാം ശനിയാഴ്ചയും, ഞായറാഴ്ചയും കൂടി കണക്കിലെടുത്ത് മൂന്നു ദിവസത്തെ ടൂറിന് പോയതായിട്ടാണ് അറിഞ്ഞതെന്നും ജനീഷ് കുമാര്‍ പറഞ്ഞു. ഓഫീസിലെത്തിയ ഒട്ടേറെ പാവങ്ങളാണ് വലഞ്ഞത്.റവന്യൂമന്ത്രിയെയും റവന്യൂ സെക്രട്ടറിയെയും ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇടപെടാമെന്ന് മന്ത്രി അറിയിച്ചതായും ജനീഷ് കുമാര്‍ പറഞ്ഞു. ഇന്നു വരാത്തവരുടെയെല്ലാം അവധി രേഖപ്പെടുത്താന്‍ എംഎല്‍എ നിര്‍ദേശം നല്‍കി. അഞ്ചോ പത്തോ പേരല്ല, ഇത്രയും പേര്‍ കൂട്ടത്തോടെ അവധിയെടുത്തു. ജീവനക്കാരുടേത് എന്തൊരു ധിക്കാരമാണെന്ന് എംഎല്‍എ ചോദിച്ചു.
റവന്യൂ മന്ത്രി നിര്‍ദേശിച്ച അടിയന്തരയോഗം മറ്റൊരു കാര്യം പറഞ്ഞ് ജീവനക്കാര്‍ മാറ്റിവെച്ചതും ജനീഷ് കുമാര്‍ എംഎല്‍എയെ ചൊടിപ്പിച്ചു. 17 പേര്‍ മാത്രമാണ് ലീവ് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ ലീവ് അപേക്ഷ പോലും നല്‍കിയിട്ടില്ല. ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ നടപടിയാണ് ജീവനക്കാരുടേത്. അനധികൃതമായിട്ടാണ് ഇത്രയേറെ പേര്‍ ലീവെടുത്തിട്ടുള്ളതെന്ന് ജനീഷ് കുമാര്‍ പറഞ്ഞു.ഇക്കാര്യത്തില്‍ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അതേസമയം അവധിയെടുത്താണ് ജീവനക്കാര്‍ പോയതെന്നാണ് തഹസില്‍ദാരുടെ വിശദീകരണം. ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു വിശദീകരണം.