കൊല്ലങ്കോട് പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഏറെനേരം കമ്പിയിൽ കുടുങ്ങിക്കിടന്നത് ശ്വാസകോശത്തെ ബാധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
പാലക്കാട്: കൊല്ലങ്കോട് വനംവകുപ്പ് പിടികൂടിയ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏറെനേരം കമ്പിയിൽ കുടുങ്ങിക്കിടന്നത് ശ്വാസകോശത്തെ ബാധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. പുലി കുടുങ്ങിയത് പന്നിക്കെണിയിലാണെന്ന വനം വകുപ്പിന്റെ പ്രാഥമിക നിഗമനവും പോസ്റ്റ്മോർട്ടം ശരിവെച്ചു. നടപടികൾ പൂർത്തിയാക്കി പുലിയുടെ ജഡം ഇന്ന് വൈകിട്ട് സംസ്കരിക്കും.
പുലി കമ്പിവേലിയിൽ കുടുങ്ങിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് പ്രതികരിച്ചു. കൊല്ലങ്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഇന്നലെ വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ പുലിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മയക്കുവെടിവെച്ച് പിടികൂടിയത്. മയക്കുവെടി വെച്ചതിന് ശേഷമായിരുന്നു ആര്‍ആര്‍ടി സംഘം പുലിയുടെ സമീപത്തെത്തി സാഹസികമായി കൂട്ടിലാക്കിയത്. അവശതകൾ പ്രകടിപ്പിച്ച പുലിയെ പിന്നീട് നിരീക്ഷണത്തിൽ വെച്ചു. നിരീക്ഷണത്തിൽ കഴിയവയെയാണ് പുലി ചത്തത്.