“ഞങ്ങളും പിടിച്ചത് ചെങ്കൊടിയാണ്. ഞങ്ങൾക്കും ഈ പാർട്ടിയെ സംരക്ഷിക്കേണ്ടതുണ്ട്” സിപിഐഎം കരുനാഗപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസിലേയ്ക്ക് ‘സേവ് സിപിഐഎം’
'പാർട്ടിയുടെ വളർച്ചയ്ക്ക് നിരക്കാത്ത ഉപരി കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിയെ നശിപ്പിക്കും. ഞങ്ങളും പിടിച്ചത് ചെങ്കൊടിയാണ്. ഞങ്ങൾക്കും ഈ പാർട്ടിയെ സംരക്ഷിക്കേണ്ടതുണ്ട്
കൊല്ലം | കരുനാഗപ്പള്ളി സിപിഐഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധം തെരുവിലെത്തി. ഏറ്റവും ഒടുവിൽ ഒരുവിഭാഗം പ്രവർത്തകർ സിപിഐഎം കരുനാഗപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തിയിരിക്കുകയാണ്. ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തനെതിരെ പ്രതിഷേധിക്കാൻ ഒരു വിഭാഗം പ്രവർത്തകർ. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവർത്തകരുടെ മാർച്ച്. പി ആർ വസന്തനെ അനുകൂലിക്കുന്ന വിഭാഗം പ്രവർത്തകർ ഏരിയ കമ്മിറ്റി ഓഫീസിന് മുൻപിൽ തമ്പടിച്ച് നിൽക്കുന്നു
നേരത്തെ സമ്മേളനത്തിൽ പുതിയതായി അവതരിപ്പിച്ച പാനലിനെതിരെയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. മാത്രമല്ല നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ‘സേവ് സിപിഐഎം’ എന്ന പേരിൽ പോസ്റ്ററുകളും പതിച്ചിരുന്നു. ഇതിൻ്റെ പിന്നാലെയാണ് സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഒരു വിഭാഗം പ്രകടനവുമായി രംഗത്തിറങ്ങിയത്. ‘സേവ് സിപിഐഎം’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രതിഷേധ പ്രകടനം നടന്നത്. ഏരിയാ കമ്മിറ്റി ഓഫീസിനുമുന്നിൽ വലിയ പൊലീസ് സന്നാഹം ഒരുക്കിയിയിരുന്നു. പ്രതിഷേധം സംഘടിപ്പിച്ചവരിൽ കൂടുതലും വനിതകളായിരിന്നു. വിഷയത്തിൽ വളരെ വൈകാരികമായാണ് പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകർ പ്രതികരിച്ചത്.
‘പാർട്ടിയുടെ വളർച്ചയ്ക്ക് നിരക്കാത്ത ഉപരി കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിയെ നശിപ്പിക്കും. ഞങ്ങളും പിടിച്ചത് ചെങ്കൊടിയാണ്. ഞങ്ങൾക്കും ഈ പാർട്ടിയെ സംരക്ഷിക്കേണ്ടതുണ്ട്. പ്രസ്ഥാനത്തെ നശിപ്പിച്ച് പോക്കറ്റിലാക്കുന്ന അഴിമതിക്കാർക്ക് എതിരെയാണ് സമരം. നീതി ലഭിക്കാത്തത് കൊണ്ടാണ് റോഡിൽ ഇറങ്ങിയത്. കൈയിൽ പിടിച്ച കൊടി താഴാൻ സമ്മതിക്കില്ല. ഇതിൻ്റെ മുന്നിൽ മരിച്ച് വീണാലും പ്രതികരിക്കും. കഴിഞ്ഞ 8 വർഷമായി ഇതിനെതിരെ പ്രതികരിക്കുന്നു. കുലശേഖരം നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെയും പരാതിയുണ്ട്. ഞങ്ങൾക്കും സമൂഹത്തിൽ ഇറങ്ങണ്ടേ? നാളെ ഞങ്ങളേയും അവരെപോലെ ആളുകൾ കണക്കാക്കില്ലേ ? ഞങ്ങൾ പിടിച്ച കൊടിയാണ് വലുത്. അതിന് താഴെയാണ് പാർട്ടിക്ക് എല്ലാ നേതാവും. പാർട്ടിക്കെതിരെയല്ല പാർട്ടിക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത്.’ എന്നായിരുന്നു പ്രതിഷേധത്തിനെത്തിയ വനിതാ പ്രവർത്തകരുടെ പ്രതികരണം,
കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഐഎം നേതൃത്വത്തിനെതിരെ നേരത്തെ പോസ്റ്റര്‍ പ്രതിഷേധവും നടന്നിരുന്നു. ലോക്കല്‍ കമ്മിറ്റിയിലെ ബാര്‍ മുതലാളി അനിയന്‍ ബാവ, ചേട്ടന്‍ ബാവ തുലയട്ടെയെന്നാണ് പോസ്റ്റര്‍. സംസ്ഥാന സമിതി അംഗങ്ങളായ കെ രാജഗോപല്‍, സോമപ്രസാദ് ജില്ലാ കമ്മറ്റിയംഗങ്ങളായ പി ആര്‍ വസന്തന്‍, പി ആര്‍ ബാലചന്ദ്രന്‍ എന്നീ കുറവാ സംഘത്തെ സൂക്ഷിക്കുകയെന്നും പോസ്റ്ററിലുണ്ട്. സേവ് സിപിഐഎം എന്ന പേരിലായിരുന്നു പോസ്റ്റർ പതിച്ചത്.
കഴിഞ്ഞ ദിവസം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പോസ്റ്റര്‍ പ്രതിഷേധം. ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദിനെയും കെ രാജഗോപാലിനെയും പൂട്ടിയിട്ടിരുന്നു.
സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിച്ചതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എതിര്‍ത്തവരുടെ നിലപാട്. മറ്റുചിലരെകൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.
അതേസമയം വിഷയം സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യുന്നു. പ്രശ്ന പരിഹാരത്തിന് ശ്രമം വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യം. പ്രവർത്തകരുടെ പരസ്യഷേധങ്ങളിൽ നേതൃത്വത്തിന് അതൃപ്തി. പ്രശ്നം പരിഹരിക്കാൻ ചുമതലക്കാരായ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് കഴിയാതെ പോയെന്നാണ് വിലയിരുത്തൽ. ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ നേതാക്കൾ അടക്കം രംഗത്തെത്തിയിരുന്നു.